വൈദ്യുതി ചാർജ് വർധനവ്: ജനകീയ തെളിവെടുപ്പ് ശേഖരണം നടത്തി
കൽപ്പറ്റ: വൈദ്യുതി ചാർജ് വർധിപ്പിക്കാൻ കെ.എസ്ഇ.ബി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ സമർപ്പിച്ച പ്രൊപ്പോസൽ പ്രകാരം നാലു ജില്ലകളിൽ മാത്രം ജനകീയ തെളിവെടുപ്പ് നടത്തി മുന്നോട്ട് പോയ റെഗുലേറ്ററി കമ്മീഷൻ സമീപനത്തിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയും, ബന്ധപ്പെട്ട തെളിവുകളും, ലാഭത്തിലാക്കാനുള്ള നിർദ്ദേശങ്ങളും ശേഖരിച്ച് കൊണ്ട് ജനകീയ നിയമപരമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിലും തെളിവെടുപ്പ് ശേഖരണം നടത്തി. കൽപ്പറ്റ എം. ജീ. റ്റി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഡോ. സുരേഷ്, ലീഗൽ വിംഗ് പ്രസിഡൻ്റ് അഡ്വ സുഗതൻ എന്നിവർ നേതൃത്വം നൽകി.ആവശ്യത്തിൽ അധികം ജോലിക്കാരും മറ്റു സർകാർ ഉദ്യോഗസ്ഥരെ അപേക്ഷിച്ച് ഭീമമായ ശമ്പളവും ബോർഡിൻ്റെ നല്ല പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നു. ബോർഡിൻ്റെ കീഴിലുള്ള പല വസ്തുക്കളും ഉപയോഗിക്കാതെ നശിച്ചു പോകുന്നതും, പൊതുജനങ്ങളിൽ നിന്നും എനർജി ചാർജിന് പുറമേ മേടിക്കുന്ന അമിത ചാർജുകൾ ഒഴിവാക്കണമെന്നും, ചെറുകിട വ്യവസായങ്ങളോട് ബോർഡ് ചെയ്യുന്ന ക്രൂരതയും, ചാർജ് വർദ്ധനവ് മൂലം ഉണ്ടാകുന്ന ആശങ്കകളും, യോഗത്തിൽ ചർച്ചയായി. ഉല്പാദനം വർധിപ്പിക്കാതെ അനാവശ്യ ചെലവുകൾക്ക് പണം കണ്ടെത്താൻ പൊതുജനങ്ങളെ കൊള്ളയടിക്കുന്ന സമീപനം അനുവദിക്കാൻ സാധിക്കില്ല എന്ന് യോഗത്തിൽ പങ്കെടുത്തിരുന്ന വിവിധ സംഘടനാ പ്രതിനിധികൾ, വ്യക്തികൾ എന്നിവർ ആവശ്യപ്പെട്ടു. റഗുലേറ്ററി കമ്മീഷൻ എല്ലാ ജില്ലകളിലും തെളിവെടുപ്പ് യോഗങ്ങൾ നടത്തി പൊതുജനങ്ങളുടെ പരാതികൾ കേൾക്കുകയും പരിഹാരം കാണാൻ ഇടപെടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിൽ കക്ഷി ചേരാൻ വിവിധ സംഘടനകളും, വ്യക്തികളും തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.യോഗത്തിൽ ചെറുകിട റൈസ് ഫ്ലവർ ആൻഡ് ഓയിൽ മില്ലേയ്സ് അസ്സോസ്സിയേഷൻ, കെ.എസ്.ഇ.ബി ജീവനക്കാർ, കർഷകർ, വ്യാപാരികൾ,സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു.





Leave a Reply