വന്യമൃഗത്തെ ഭയന്ന് കൃഷിനിർത്തി ; ഇപ്പോൾ കൃഷി ഇടം കാടായി
പുൽപള്ളി : രൂക്ഷമായ വന്യമൃഗശല്യം, കാർഷികത്തകർച്ച എന്നിവമൂലം നാട്ടിലെ കൃഷിയിടങ്ങളിൽ ഭൂരിഭാഗവും കാടുമൂടിയത് വന്യമൃഗശല്യം വർധിക്കാൻ ഇടയാക്കുന്നു. കാടിറങ്ങുന്ന വന്യമൃഗങ്ങൾ നാട്ടിൻപുറത്തെ കുറ്റിക്കാടുകളിൽ തമ്പടിക്കുന്നു. മാൻ, കാട്ടുപന്നി, വെരുക്, മലയണ്ണാൻ, മയിൽ തുടങ്ങിയ ജന്തുക്കളെല്ലാം നാട്ടിൽ ധാരാളമുണ്ട്.
വനാതിർത്തിയിൽനിന്നു കിലോമീറ്ററുകളകലെയുള്ള ചെറുതും വലതുമായ തോട്ടങ്ങളും ആന നിന്നാൽ കാണാത്തവിധം കാടുമൂടി. വർഷങ്ങളായി കാടുവെട്ടിത്തെളിക്കാത്ത ഇത്തരം സ്ഥലങ്ങളിൽ വൻമാളങ്ങളുണ്ടാക്കി കാട്ടുപന്നിയും മറ്റും പെറ്റുപെരുകുന്നു.വനത്തിലെക്കാൾ സുഭിക്ഷമായി വന്യമൃഗങ്ങൾക്ക് കാടിനുവെളിയിൽ കഴിയാവുന്ന അവസ്ഥ. കൃഷിമേഖലയിൽ വന്യമൃഗങ്ങളുടെ നിരന്തരശല്യത്തിനിതു കാരണമാകുന്നു.
മുൻപ് വനാതിർത്തിയിൽ മാത്രമായിരുന്നു കാട്ടുപന്നിയുടെയും മാനുകളുടെയും ശല്യം. എന്നാൽ സമീപകാലത്ത് നാടുനീളെ ഇവയുടെ ശല്യം വർധിച്ചു. മുൻപ് വനത്തിൽ നിന്നു വന്ന് ഇരതേടി വനത്തിലേക്കുപോയിരുന്നെങ്കിൽ ഇപ്പോൾ ഇരതേടലും കിടപ്പും വംശവർധനയുമെല്ലാം കർഷകരുടെ കൃഷിയിടത്തിലാണ്.ഒരു വരുമാനവുമില്ലാത്ത കർഷകർക്ക് കൃഷിയിടത്തിലെ കാടുവെട്ടാൻ മാത്രം വൻതുക വേണ്ടിവരുന്നു. പലരും കാടുതെളിക്കാൻ വിമുഖത കാണിക്കുന്നതും അനാവശ്യ ചെലവോർത്താണ്.
കഴിഞ്ഞ ദിവസങ്ങളിൽ അമരക്കുനിയിലും പരിസരങ്ങളിലും കടുവശല്യം ദിവസങ്ങളോളം നീണ്ടത് നാട്ടിൽ കടുവയ്ക്ക് ഒളിക്കാനും ഇരതേടാനും സൗകര്യമുള്ളതുകൊണ്ടായിരുന്നു. മനുഷ്യൻ കയറിച്ചെല്ലാത്ത കുറ്റിക്കാട്ടിൽ കടുവ നീണ്ടുനിവർന്നു കിടന്നു. മാൻ, കാട്ടുപന്നി എന്നിവയുടെ ലഭ്യതയും ഈ പ്രദേശങ്ങളിലുണ്ട്.
കടുവയുണ്ടെന്നു മനസ്സിലാക്കിയ സ്ഥലം വളഞ്ഞ് മയക്കുവെടി വയ്ക്കാനും കഴിയാത്തത് അടഞ്ഞുകിടക്കുന്ന കുറ്റിക്കാട്ടിലൂടെ കടുവയുടെ നീക്കങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതിനാലായിരുന്നു. ഇത്തരം സ്ഥലത്തുകൂടി തിരച്ചിൽ നടത്താനാണ് പിന്നീട് മുത്തങ്ങയിൽ നിന്നു 2 കുങ്കിയാനകളെയെത്തിച്ചത്.വനയോര മേഖലയിലെ കൃഷിയിടങ്ങളിലെയും തിരിശു സ്ഥലങ്ങളിലെയും കാടുവെട്ടിത്തെളിച്ചാൽ തന്നെ നാട്ടിലെ വന്യമൃഗശല്യത്തിനു ഒരുപരിധിവരെ പരിഹാരമുണ്ടാക്കാനാവും.
സ്വന്തമായി കാടുവെട്ടാൻ സാധിക്കാത്തവരുടെ സ്ഥലത്തെ അടിക്കാട് തൊഴിലുറപ്പിലോ, മറ്റേതെങ്കിലും പദ്ധതിയിലോ പെടുത്തി വെട്ടിതെളിക്കേണ്ടിയിരിക്കുന്നു. പഞ്ചായത്തുകളും വനംവകുപ്പും ചേർന്ന് ഇതിനുള്ള പദ്ധതി തയാറാക്കണമെന്ന ആവശ്യം കർഷകർ ഉന്നയിക്കുന്നുണ്ട്.





Leave a Reply