കേന്ദ്ര അവഗണനയ്ക്കെതിരെ കെ എസ് എസ് ടി എസ് യു ധർണ: സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് ശമ്പളം മുടങ്ങി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് & സ്റ്റാഫ് യൂണിയൻ വയനാട് ജില്ലയിൽ സർവ ശിക്ഷാ കേരള ഓഫീസിനു മുന്നിൽ ധർണ നടത്തി.
കഴിഞ്ഞ 22 മാസമായി സമഗ്ര ശിക്ഷാ കേരളയ്ക്ക് കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. സമഗ്ര ശിക്ഷാ കേരളയിൽ ജോലി ചെയ്യുന്ന ഏകദേശം 1350 സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. സംഘടനയുടെ ഇടപെടലിനെത്തുടർന്ന് സംസ്ഥാന സർക്കാർ ഏപ്രിൽ മാസത്തെ ശമ്പളം അനുവദിച്ചെങ്കിലും, മെയ്, ജൂൺ മാസങ്ങളിലെ ശമ്പളം ഇനിയും ലഭിക്കാനുണ്ട്.
കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ഈ അധ്യാപകർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. 10 വർഷത്തോളമായി സമഗ്ര ശിക്ഷാ കേരളയിൽ പ്രവർത്തിക്കുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകരിൽ 90% പേരും പിഎസ്സി പ്രായപരിധി കഴിഞ്ഞവരാണ്. സർക്കാർ സ്കൂളുകളിൽ കലാകായിക പ്രവർത്തി പഠന വിഷയങ്ങളിൽ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ഉൾപ്പെടെ വേണ്ടത്ര പരിശീലനം നൽകുന്ന ഈ അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ സെക്രട്ടറി സഖാവ് വി.വി. ബേബി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.ടി.എസ്.യു ജില്ലാ സെക്രട്ടറി പി.ടി. ഷിജോ സ്വാഗതവും, പ്രസിഡന്റ് ടി.കെ. ഫൗസിയ അധ്യക്ഷതയും വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. കെ.എസ്.എസ്.ടി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അരുൺ കുമാർ, പി.വി. മനോജ് എന്നിവരും അഭിവാദ്യമർപ്പിച്ചു. മനോജ് ആവണി നന്ദി പറഞ്ഞു.





Leave a Reply