എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണത്തിനായി റെഡ് റൺ മാരത്തോൺ
കൽപ്പറ്റ: എച്ച്ഐവി, എയ്ഡ്സ് എന്നിവയെക്കുറിച്ച് യുവതലമുറയിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ റെഡ് റൺ മാരത്തോൺ സംഘടിപ്പിച്ചു. അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റ്, ജില്ലാ യുവ ജാഗരൺ സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ജില്ലയിലെ വിവിധ കോളജുകളിൽ നിന്നായി 122 വിദ്യാർഥികൾ മാരത്തോണിൽ പങ്കെടുത്തു.
സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങളുടെ ഭാഗമായി 2030-ഓടെ പുതിയ എച്ച്ഐവി അണുബാധകൾ ഇല്ലാതാക്കുക, രോഗം ബാധിച്ചവരെ കണ്ടെത്തി ചികിത്സ നൽകുക, രോഗികളോടുള്ള സാമൂഹിക വിവേചനം അവസാനിപ്പിക്കുക എന്നിവയാണ് ഈ ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
മുട്ടിൽ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് ജില്ലാ ടിബി, എച്ച്ഐവി ഓഫീസർ ഡോ. പ്രിയ സേനൻ ഫ്ലാഗ് ഓഫ് ചെയ്തു. കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന സമ്മാനദാന ചടങ്ങ് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ എ.പി. മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിജയികൾക്ക് 5000, 4000, 3000 രൂപയുടെ ക്യാഷ് അവാർഡുകളും പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീമുകൾ ഓഗസ്റ്റ് 11-ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല റെഡ് റൺ മൽസരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കും.
മത്സര വിജയികൾ:
വനിതാ വിഭാഗം
ഒന്നാം സ്ഥാനം: പി. ജോമോൾ (എൻ.എം.എസ്.എം. ഗവൺമെന്റ് കോളജ്, കൽപ്പറ്റ)
രണ്ടാം സ്ഥാനം: നിവേദിത സജി (എൻ.എം.എസ്.എം. ഗവൺമെന്റ് കോളജ്, കൽപ്പറ്റ)
മൂന്നാം സ്ഥാനം: എം.വി. നയന (പഴശ്ശിരാജ കോളജ്, പുൽപ്പള്ളി), അഭിയ ജോർജ് (മേരി മാത കോളജ്, മാനന്തവാടി)
പുരുഷ വിഭാഗം
ഒന്നാം സ്ഥാനം: എം. രമേഷ് (അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളജ്, സുൽത്താൻ ബത്തേരി)
രണ്ടാം സ്ഥാനം: ഇ.എസ്. നന്ദ കിഷോർ (അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളജ്, സുൽത്താൻ ബത്തേരി)
മൂന്നാം സ്ഥാനം: അഭിലാഷ് ശ്രീജിത്ത് (എൻ.എം.എസ്.എം. ഗവൺമെന്റ് കോളജ്, കൽപ്പറ്റ)





Leave a Reply