കാര്‍ഷിക തൊഴില്‍ സേന സജ്ജം; പിന്തുണയുമായി ബത്തേരി ബ്ലോക്ക്
ദിവസേനയുള്ള കാര്‍ഷിക പ്രവൃത്തികള്‍ക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങള്‍ക്ക് അമിത വാടക നല്‍കി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ സജീവമാവുകയാണ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയില്‍ രൂപീകരിച്ച കാര്‍ഷിക തൊഴില്‍ സേന.കൃഷിക്ക് ഏറ്റവും അനിവാര്യമായ തൊഴിലാളികളുടെ സഹായവും വിവിധ കാര്‍ഷികോപകരണങ്ങളുടെ താങ്ങാവുന്ന നിരക്കിലുള്ള ലഭ്യതയും തടസമില്ലാതെ ഉറപ്പാക്കുന്നു ഈ സംഘം.
ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലും തൊഴിലാളികളുടെ കൂട്ടായ്മയിലുമാണ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ കാര്‍ഷിക തൊഴില്‍ സേന ഇന്ന് മുന്നോട്ടുപോകുന്നത്.
കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ തൊഴിലാളികളെയും കാര്‍ഷികോപകരണങ്ങളും ലഭ്യമാക്കുന്നതിനൊപ്പം, അംഗങ്ങളായ സാധാരണക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അപ്പാട്, കൊളഗപ്പാറ, റാട്ടക്കുണ്ട്, കൃഷ്ണഗിരി എന്നീ പ്രദേശങ്ങളില്‍ നിന്നായി 40 ഓളം തൊഴിലാളികളാണ് കാര്‍ഷിക തൊഴില്‍ സേനയില്‍ അണിനിരക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ഘട്ടങ്ങളിലായി അഞ്ച് ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. കാട് വെട്ടുന്നതിനുള്ള ഏഴ് മെഷീനുകള്‍, മരം മുറിക്കുന്നതിനുള്ള മെഷീന്‍, പൂന്തോട്ടം, പച്ചക്കറി കൃഷികള്‍ക്ക് ആവശ്യമായ ടില്ലറുകള്‍, മരുന്ന് അടിക്കാന്‍ ആവശ്യമായ സ്‌പ്രേയര്‍, കുഴിയെടുക്കുന്ന മെഷീന്‍ എന്നിവ കൂടാതെ തൂമ്പ, കത്തി, കൈക്കോട്ട് മുതലായ കാര്‍ഷികോപകരണങ്ങളും സേനയില്‍ ലഭ്യമാണ്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കര്‍ഷക തൊഴിലാളികള്‍ക്ക് ആധുനിക കാര്‍ഷിക മെഷിനറികള്‍ ഉപയോഗിക്കാന്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശീലനവും നല്‍കിയിട്ടുണ്ട്. 2018ല്‍ തൊഴില്‍ സേന കര്‍ഷക തൊഴിലാളി സംഘം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സംഘടന, കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്ലോക്ക് പഞ്ചായത്തിന്റെ പിന്തുണയോടെ വിജയകരമായി പ്രവര്‍ത്തിച്ചു വരികയാണ്.
ഭാവിയില്‍ ജില്ലയിലെ തരിശുഭൂമികളെ കൃഷിയോഗ്യമാക്കാനും ആവശ്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇവര്‍ ലക്ഷ്യമിടുന്നു. പുതിയ തലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുമെന്ന് സംഘത്തിന്റെ നേതൃത്വം പറയുന്നു. എം ആര്‍ ശശീന്ദ്രന്‍ സെക്രട്ടറിയും എ എന്‍ തങ്കച്ചന്‍ പ്രസിഡന്റുമായി അഞ്ച് പേരുള്‍പ്പെടുന്ന ഭരണസമിതിയാണ് സംഘത്തെ മുന്നോട്ട് നയിക്കുന്നത്.





Leave a Reply