വയനാട് ജില്ലാ ആദിവാസി വികസന സമിതിയുടെ ‘വിഷൻ 2030’ ആക്ഷൻ പ്ലാൻ തയ്യാറായി
കൽപ്പറ്റ: വയനാട് ജില്ലയിലെ ആദിവാസി സമൂഹങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വയനാട് ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതിയുടെ ‘വിഷൻ 2030’ ആക്ഷൻ പ്ലാൻ തയ്യാറാക്കി. നയരൂപീകരണത്തിലും വികസന അജണ്ടകളിലും ആദിവാസി പ്രശ്നങ്ങൾ കൂടുതൽ ശക്തമായി ഉന്നയിക്കുന്നതിനും വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഈ ആക്ഷൻ പ്ലാൻ സഹായകമാകും.
എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ വെച്ച് നടന്ന യോഗത്തിലാണ് സമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ ആക്ഷൻ പ്ലാൻ രൂപീകരിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പിന്നോക്കാവസ്ഥ, വിളവൈവിധ്യം സംരക്ഷിക്കൽ, ലിംഗസമത്വം ഉറപ്പാക്കൽ, വികേന്ദ്രീകൃത ആസൂത്രണം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾക്കാണ് ആക്ഷൻ പ്ലാൻ മുൻഗണന നൽകുന്നത്.
സമിതി പ്രസിഡന്റ് എ. ദേവകിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ബാലൻ നരിവളപ്പിൽ നന്ദി രേഖപ്പെടുത്തി. എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിലെ ഗവേഷകരായ ഡോ. അനാമിക അജയ്, ഡോ. വിപിൻദാസ് എന്നിവർ പങ്കാളിത്തപരമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് നേതൃത്വം നൽകി.





Leave a Reply