കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണം; മന്ത്രി ടി. സിദ്ദിഖ്
കൽപ്പറ്റ: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ് പറഞ്ഞു. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി അമ്പലവയൽ കാർഷിക കോളേജിൽ സംഘടിപ്പിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ വിള ഇനങ്ങളുടെ പ്രകാശനവും നിർവഹിച്ചു സംസരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കാർഷിക രീതികളും പുതിയ ഇക്കോസിസ്റ്റവും
സർവകലാശാലകളുടെ നേതൃത്വത്തിൽ
വികസിപ്പിച്ചെടുക്കണം. വരൾച്ച, അതിതീവ്ര മഴ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിഭാസങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർവകലാശാലകൾ നേതൃത്വം നൽകണമെന്നും മന്ത്രി പറഞ്ഞു.
അമ്പലവയൽ ക്യാമ്പസിന് എല്ലാ സൗകര്യങ്ങളോട് കൂടിയ പുതിയ കളിസ്ഥലം ഒരുക്കാൻ അടിയന്തര നടപടികൾ ആരംഭിക്കാൻ വൈസ് ചാൻസിലർ, രജിസ്ട്രാർ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ പ്രദേശവാസികളെയും തദ്ദേശ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ‘പൂപ്പൊലി’ അന്താരാഷ്ട്ര ഫെസ്റ്റിവെല്ലാക്കി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. അവോക്കാഡോ, ട്രോപ്പിക്കൽ ഫ്രൂട്ട്സ്, ഔഷധച്ചെടികൾ, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വൈവിധ്യമാർന്ന കൃഷിരീതികൾ പ്രോത്സാഹിപ്പിച്ച് വന്യമൃഗ ശല്യം തടയാനും വയനാടിന്റെ കാർഷിക സമൃദ്ധി വീണ്ടെടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അമ്പലവയൽ കാർഷിക കോളേജിലെ അക്കാദമിക്ക് ബ്ലോക്ക്, തൃശൂർ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തിലെ മോഡൽ കൊക്കോ പ്രൊസസ്സിങ് യൂണിറ്റ് ഉദ്ഘാടനം, കാർഷിക സർവകലാശാ ഗവേഷണ വിഭാഗത്തിൻ്റെ പുതിയ വിള ഇനങ്ങളായ ബ്രഹ്മി, മഞ്ഞൾ, ഇഞ്ചി, മുളക്, രാമച്ചം എന്നിവയുടെ പ്രകാശനം എന്നിവ മന്ത്രി നിർവഹിച്ചു.
അമ്പലവയൽ കാർഷിക കോളേജിൽ നടന്ന പരിപാടിയിൽ എം.എൽ.എ ഐ സി ബാലകൃഷ്ണൻ അധ്യക്ഷനായി. പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിൽ കേവലം ഗവേഷണം മാത്രം പോരെന്നും സ്ഥാപനത്തിന് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള ഉത്പാദന സംവിധാനങ്ങൾ ഉണ്ടാകണമെന്നും എം.എൽ.എ പറഞ്ഞു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ടി സജിതാ റാണി, രജിസ്ട്രാർ പ്രൊഫ. ഡോ. മേരി റജീന,
അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പി രാജി,സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന ശശീന്ദ്രൻ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി കൃഷ്‌ണകുമാർ, നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ ഗംഗാധരൻ ആത്താർ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി അവറാൻ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി ഷഫീക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൈനബ ഉസ്മാൻ, സനൽ ജോൺ, കൃഷ്ണകുമാരി, ഗ്രാമ പഞ്ചായത്തംഗം കെ റജില,
ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply