October 6, 2026

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി; വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍

0
IMG_20260914_185505
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികള്‍ പുറത്തു കൊണ്ടുവരാന്‍ സഹായകമായെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന സുതാര്യമായ നിയമമാണ് വിവരാവകാശ നിയമമെന്നും കമ്മീഷണര്‍ പറഞ്ഞു. വിവരങ്ങള്‍ ജനകീയമാവണം, അതൊരു ഔദാര്യമായി ആരും കണക്കാക്കരുത്. ഓഫിസുകളിലെ വിവരാവകാശ ബോര്‍ഡുകള്‍, സോഷ്യല്‍ മീഡിയ, ഔദ്യോഗിക വെബ്സൈറ്റുകള്‍ കാലാനുസൃതമായി പരിഷ്‌കരിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവര സ്രോതസായി മാറണം. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ആനുകൂല്യങ്ങള്‍, വിവരങ്ങള്‍ ജനങ്ങളിലേക്ക് സ്വമേധയാ എത്തിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലുണ്ടാകണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

 

ഫയലുകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ഫയല്‍ പരിപാലന രജിസ്റ്ററുകള്‍ കാലാനുസൃതമായി സൂക്ഷിക്കുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണ്. ഫയല്‍ കാണുന്നില്ല, ലഭ്യമല്ല തുടങ്ങിയ മറുപടികളാണ് ഉദ്യോഗസ്ഥര്‍ വിവരാവകാശ അപേക്ഷകള്‍ക്ക് നല്‍കുന്നത്. ഫയല്‍ കാണാതായിട്ടുണ്ടെങ്കില്‍ ഓഫീസ് മേധാവി നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും കമ്മീഷണര്‍ പറഞ്ഞു. വിവരം ലഭിക്കുകയെന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അവകാശങ്ങള്‍ പിടിച്ചു വാങ്ങേണ്ടതല്ല. ജനങ്ങള്‍ക്ക് എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും അവകാശങ്ങള്‍ ഉറപ്പാക്കാനാണ് കമ്മീഷന്‍ പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിവരം കൈമാറുകയെന്നത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ മാത്രം ചുമതലയല്ല. ഫയല്‍ ഓഫീസിലെ ആരുടെ കൈവശമാണെങ്കിലും അവരില്‍നിന്ന് വിവരം ലഭ്യമാക്കി നല്‍കേണ്ട ചുമതല പൊതു വിവരാവകാശ ഓഫീസര്‍ക്കാണ്. വിവരം ഉള്‍ക്കൊള്ളുന്ന ഫയലുകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. ജില്ലകളില്‍ വിവരാവകാശ നിയമം സംബന്ധിച്ച് പരിശീലനങ്ങള്‍ നല്‍കുന്നുണ്ടെന്നും അപേക്ഷകളിലെ അപ്പീലുകള്‍ തീര്‍പ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്മീഷനെന്നും അഡ്വ. ടി കെ രാമകൃഷ്ണന്‍ അറിയിച്ചു. അദാലത്തില്‍ 12 പരാതികള്‍ പരിഹരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *