May 2, 2026

കായിക സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് തരിയോട് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു

0
site-psd-106
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: പതിറ്റാണ്ടുകളായുള്ള യുവജനങ്ങളുടെയും കായിക പ്രതിഭകളുടെയും സ്വപ്നം യാഥാര്‍ത്ഥ്യമാക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്തില്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വില കൊടുത്തു വാങ്ങിയ സ്ഥലത്ത് അഡ്വ ടി സിദ്ദീഖ് എംഎല്‍എ അനുവദിച്ച 50 ലക്ഷം രൂപയും കായിക വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ അനുവദിച്ച 50 ലക്ഷം രൂപയും ചേര്‍ത്ത് ഒരു പഞ്ചായത്തില്‍ ഒരു കളി സ്ഥലം എന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്.

സ്റ്റേഡിയത്തിന്റെ ലോഞ്ചിംഗ് പരിപാടി അഡ്വ ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെഎം ഫ്രാന്‍സിസ് മുഖ്യാതിഥിയായി. നിരവധി സംസ്ഥാന ദേശീയ താരങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ടെങ്കിലും പ്രദേശത്ത് സ്വന്തമായി ഒരു കളിസ്ഥലം ഇല്ലാത്തത് പരിശീലനത്തിനും മത്സര പരിചയങ്ങള്‍ക്കും വലിയ വിഘാതം സൃഷ്ടിച്ചിരുന്നു. പൊതുവായുള്ള കായിക മത്സരങ്ങളും പരിശീലന പരിപാടികളും നടത്താന്‍ ആശ്രയിക്കുന്നത് വിവിധ സ്‌കൂള്‍ ഗ്രൗണ്ടുകള്‍ ആണ്. സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങളിലും സ്‌കൂളിന്റെ തായ പരിപാടികള്‍ ഉള്ളപ്പോഴും ഇത്തരം പരിപാടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു സ്റ്റേഡിയം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കായിക വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് ഇതിന്റെ നിര്‍വഹണ ചുമതല. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം മുഹമ്മദ് ബഷീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ മടത്തുവയല്‍, സൂനാ നവീന്‍, ബീനാ റോബിന്‍സണ്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം എ ജോസഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബഷീര്‍ പുള്ളാട്ട്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിജു ബി, കായിക പ്രതിനിധി ഷമീര്‍ പുതുക്കളം, മൊയ്തീന്‍ മഞ്ചപ്പുള്ളി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഷാജി വട്ടത്തറ, അബൂബക്കര്‍ സിദ്ദീഖ്, എ ഡി ജോണ്‍, പി എ ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിരാക്ഷന്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *