കേരളം ഭരിക്കുന്നത് കൊള്ള സംഘങ്ങൾ; ബ്രഹ്മഗിരിയിൽ ഉൾപ്പെടെ സിപിഎം തട്ടിപ്പ് നടത്തിയത് സർക്കാരിൻ്റെ മൗന സമ്മതത്തോടെ: വി എ നാരായണൻ
കൽപ്പറ്റ: കേരളം ഭരിക്കുന്നത് കൊള്ള സംഘങ്ങളാണെന്ന് കെ പി സി സി ട്രഷറർ വി എ നാരായണൻ. ശബരിമല അയ്യപ്പൻ്റെ സ്വർണം മുതൽ, രക്തസാക്ഷി കുടുംബങ്ങൾക്ക് നൽകാനുള്ള ഫണ്ട് വരെ വെട്ടിച്ചവരാണ് സി പി എം നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണ കൊള്ള നടത്തിയ, ബ്രഹ്മഗിരി സൊസൈറ്റിയിൽ തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും നേതൃത്വം നൽകിയ സി പി എമ്മിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല സ്വർണകൊള്ളക്ക് നേതൃത്വം നൽകിയ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണം. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത് ഭക്തരുടെ വിശ്വാസം കാത്തു സംരക്ഷിക്കണം. ശബരിമല സ്വർണ കൊള്ള ലഘൂകരിക്കാനുള്ള നീക്കമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സി പി എമ്മിൻ്റെ അവസാനത്തെ ഭരണമാണിത്. ബംഗാളിലെ അതേ അവസ്ഥയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കാത്തിരിക്കുന്നത്. വയനാട്ടിൽ ബ്രഹ്മഗിരി, കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് എന്നിങ്ങനെ ഓരോ ജില്ലയിലും സി പി എം കോടികളുടെ തട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാരിൻ്റെ മൗന സമ്മതത്തോടെയാണ് ഉത്തരത്തിൽ ബ്രഹ്മഗിരിയിൽ ഉൾപ്പെടെ തട്ടിപ്പ് നടന്നിരിക്കുന്നത്. 130 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പറയുന്നത്. തട്ടിപ്പ് നടക്കുന്ന സമയത്ത്
മന്ത്രി ഒ ആർ കേളു ബ്രഹ്മഗിരിയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഇപ്പോൾ രാജി വെച്ചത് കൊണ്ട് ഈ തട്ടിപ്പിൽ നിന്നും മന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ല. യു ഡി എഫ് അധികാരത്തിലെത്തിയാൽ കുറ്റക്കാർക്കെതിരെ നടപടിയെടുത്ത്, ഈ തുക വീണ്ടെടുത്ത് നഷ്ടപ്പെട്ടവർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഡിസിസി പ്രസിഡൻറ് അഡ്വ:ടി.ജെ ഐസക് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് ,പി പി ആലി ,കെ ഇ വിനയൻ ,എൻ കെ വർഗീസ് ,ഓ വി അപ്പച്ചൻ, എം എ ജോസഫ് ,സംഷാദ് മരക്കാർ സംസാരിച്ചു. ഡി പി രാജശേഖരൻ , പി കെ അബ്ദുറഹ്മാൻ, സജി പി ഡി , പ്രദീപ് മാസ്റ്റർ, മോയിൻ കടവൻ, എൻ യു ഉലഹന്നാൻ ,നിസി അഹമ്മദ് , ബിനു തോമസ് , ആർ രാജേഷ് കുമാർ, ചിന്നമ്മ ജോസ്,ബീന ജോസ്, വർഗീസ് മുരിയൻ കാവിൽ ,ഉമ്മർ കൊണ്ടാട്ടില്‍,പോൾസൺ കൂവക്കൽ,ജിൽസൺ തോപ്പുംകര ,സുരേഷ് ബാബു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.





Leave a Reply