June 11, 2026

പൂഴിത്തോട്–പടിഞ്ഞാറത്തറ ബദൽപാത: ജനകീയ കർമ്മസമിതി പ്രക്ഷോഭം ശക്തമാക്കുന്നു

0
IMG_20260205_152313
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: വയനാട് ബദൽപാതയായ പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മസമിതി പ്രക്ഷോഭം ശക്തമാക്കുന്നു. ഡിപിആർ സമർപ്പിക്കാനുള്ള നടപടികൾ അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് ഈ മാസം ഏഴാം തീയതി വയനാട് ചുരത്തിൽ ഏകദിന സത്യാഗ്രഹവും പദയാത്രയും സംഘടിപ്പിക്കും. പടിഞ്ഞാറത്തറയിൽ നിന്നും പൂഴിത്തോട് വരെയുള്ള 27 കിലോമീറ്റർ ദൂരത്തിൽ വെറും ഏഴു കിലോമീറ്റർ മാത്രമാണ് വനഭൂമിയുള്ളത്. 28 വർഷം മുൻപ് നിർമ്മാണം ആരംഭിച്ച് 70 ശതമാനവും പൂർത്തീകരിച്ച ഈ പാത, വനംവകുപ്പിന്റെ സാങ്കേതിക തടസ്സങ്ങൾ മൂലമാണ് നിലച്ചുപോയത്. പദ്ധതിയുടെ ഡിപിആർ ഒക്ടോബറിൽ സമർപ്പിക്കുമെന്ന് വനംവകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നാലുമാസം വൈകിയാണ് അത് നടന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പും മഴക്കാലവും പദ്ധതിയെ വീണ്ടും പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയിലാണ് പ്രദേശംവാസികൾ.

 

വിഷയത്തിൽ ഇടപെടാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചെങ്കിലും കാര്യമായ ഏകോപനം ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ജനകീയ കർമ്മസമിതി നടത്തുന്ന റിലേ സമരം 1133 ദിവസം പിന്നിടുന്ന ഫെബ്രുവരി ഏഴിന് ശനിയാഴ്ച രാവിലെ 10:30-ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ് പദയാത്ര ഉദ്ഘാടനം ചെയ്യും. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമൻ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമരത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന് സമിതി ഭാരവാഹികളായ ശകുന്തള ഷണ്മുഖൻ, വി.കെ. ബിനു, സി.കെ. ആലിക്കുട്ടി, യു.സി. ഹുസൈൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *