June 12, 2026

മലയോര ഹൈവേ കാർഷിക – ടൂറിസം മേഖലക്ക് ഉണർവേകുന്ന പദ്ധതി; മന്ത്രി മുഹമ്മദ്‌ റിയാസ്

0
IMG_20260219_103147
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മലയോര ഹൈവേ കാർഷിക-ടൂറിസ മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന്  പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. പനമരം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ നിരവധി പാലങ്ങൾ, റോഡുകൾ, പൊതുകെട്ടിടങ്ങൾ എന്നിവ മികച്ച നിലവാരത്തിൽ പൂർത്തീകരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

സംസ്ഥാനമൊട്ടാകെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്താൻ സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു പറഞ്ഞു. കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന വിഭാഗങ്ങളിലേക്ക് വികസന നേട്ടങ്ങൾ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ മനസിലാക്കിയാണ് സർക്കാർ വിവിധ വികസന പദ്ധതികൾ രൂപീകരിച്ച് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കലിന് ജനപിന്തുണ അനിവാര്യമാണ്.

നാല് സ്പാനോടെ 101.6 മീറ്റർ നീളത്തിലും ഇരു ഭാഗങ്ങളിലും നടപ്പാതയോട് കൂടി 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. അടിത്തറയിൽ പൈൽ ഫൗണ്ടേഷനാണ് പാലത്തിന് നൽകിയിരിക്കുന്നത്. പാലത്തിന് ഇരുവശത്തുമായി 150 മീറ്റർ നീളത്തിൽ സർവ്വീസ് റോഡും ബി.എം ആൻഡ് ബി. സി ഉപരിതലത്തോടെ 70 മീറ്റർ സമീപന റോഡ് നിർമ്മാണ പ്രവർത്തനങ്ങളും നടക്കും. പാലം യാഥാർത്ഥ്യമാകുന്നതോടെ ചെറുകാട്ടൂർ – നീർവ്വാരം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. കൂടാതെ മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നും പൂൽപ്പള്ളിയിലേക്ക് ഗതാഗത സൗകര്യം വേഗത്തിലാവും. ടൂറിസ്റ്റുകൾക്ക് കുറുവാദ്വീപ്, ചേകാടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സൗകര്യ പ്രദമായി സഞ്ചാരികൾക്ക് എത്തിച്ചേരാം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലക്ഷ്മി ആലക്കമുറ്റം, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി

ചെയർപേഴ്സൺ ഷാജഹാൻ കോവ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ, സൗജത്ത്, രാജു, എക്സിക്യൂട്ടീവ് എൻജിനീയർമാരായ സി. എസ് അജിത്ത്, സി.ആർ അർച്ചന, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *