വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി: നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ
മേപ്പാടി: വയനാട് തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ രണ്ടാം ഘട്ട (സ്റ്റേജ് 2) ക്ലിയറൻസ് കൂടി ലഭിച്ചതോടെ പദ്ധതിയുടെ എല്ലാ നിയമപരമായ തടസ്സങ്ങളും നീങ്ങി. പദ്ധതിയുടെ ഏറ്റവും അവസാനത്തെ ക്ലിയറൻസ് ആണിതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു. താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ബദലായി വിഭാവനം ചെയ്തിരിക്കുന്ന ഈ പാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള പദ്ധതിയിൽ 8.11 കിലോമീറ്ററും ഇരട്ട തുരങ്കങ്ങളാണ്. ഇതോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാതയായും കേരളത്തിലെ ഏറ്റവും നീളം കൂടിയ നാലുവരി തുരങ്കപാതയായും ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പാത മാറും. ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന ക്രോസ് പാസേജുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊങ്കൺ റെയിൽവേ കോർപറേഷന്റെ മേൽനോട്ടത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. 2025 ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. നിലവിൽ സ്ഥലമേറ്റെടുപ്പ് നടപടികളും മണ്ണ് നീക്കം ചെയ്യൽ പ്രവൃത്തികളും പുരോഗമിക്കുകയാണ്. തുരങ്കം നിർമ്മിക്കുന്നതിനായുള്ള ആധുനിക ബൂമർ മെഷീനുകൾ ഇതിനകം തന്നെ നിർമ്മാണ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മഴക്കാലത്തെ മണ്ണിടിച്ചിലും ഗതാഗത തടസ്സവും പതിവായ ചുരം ഒഴിവാക്കി കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്നതോടെ മലബാർ മേഖലയിലെ വിനോദസഞ്ചാര, വ്യാപാര രംഗങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. 2029-ഓടെ (നാല് വർഷത്തിനുള്ളിൽ) പാത പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.





Leave a Reply