യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തോട്ടംതൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണും; ടി സിദ്ദിഖ്
കല്‍പ്പറ്റ: തോട്ടം തൊഴിലാളികളെ സന്ദർശിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദിഖ്. മേപ്പാടി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ തോട്ടം മേഖലയിലായിരുന്നു ഇന്നത്തെ പര്യടനം. രാവിലെ ഏഴരയോടെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെത്തി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരെയും, റിപ്പണ്‍ സെന്റ് ജോസഫ്സ് ദേവാലയത്തിലെത്തി വൈദികനെയും പെസഹ വ്യാഴാഴ്ച ദിനത്തില്‍ പള്ളിയിലെത്തിയ വിശ്വാസികളെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി റിപ്പണ്‍ എസ്റ്റേറ്റില്‍ എത്തിയത്.
ഫാക്ടറി ജീവനക്കാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ച് തേയിലനുള്ളുന്ന തൊഴിലാളികള്‍ക്കിടയിലേക്ക്. തോട്ടംമേഖല നേരിടുന്ന പ്രതിസന്ധികള്‍ ഒന്നൊന്നായി പല തൊഴിലാളികളും എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി. നിയമസഭയില്‍ അഞ്ചുതവണ തോട്ടംമേഖലയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുഭാവപൂര്‍വമായ നടപടികളൊന്നും ഉണ്ടായില്ല. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനുള്ള നടപടികളുണ്ടാകുമെന്ന് സിദ്ദിഖ് പറഞ്ഞു. റിപ്പണ്‍ എസ്റ്റേറ്റിലെ സന്ദര്‍ശനത്തിന് ശേഷം അരപ്പറ്റ എസ്റ്റേറ്റിലും എത്തി.
അരപ്പറ്റ എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷം താഴെ അരപ്പറ്റയിലെ തൊഴിലാളികളെയും കണ്ടു. ഇതിന് ശേഷം നെടുമ്പാല ഡിവിഷനിലേക്ക്. പൊരിവെയിലത്തും തൊഴിലാളികള്‍ സ്ഥാനാര്‍ഥി വരുന്നതറിഞ്ഞ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇടതുസര്‍ക്കാര്‍ തോട്ടം തൊഴിലാളികള്‍ക്കായി ഭവനപദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞു വഞ്ചിച്ചുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. എതുനിമിഷവും തകര്‍ന്നുവീഴാവുന്ന പാടിയിലാണ് ഞങ്ങള്‍ കഴിയുന്നതെന്നും, എസ്റ്റേറ്റില്‍ നിന്നും പിരിഞ്ഞാല്‍ താമസിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. പലരും രോഗികളായാണ് ജോലിയില്‍ നിന്നും വിരമിക്കുന്നത്. ശിഷ്ടജീവിതത്തിലെ പ്രതിസന്ധികളും പ്രയാസങ്ങളും അതിജീവിക്കാനാവാതെ യാതനകള്‍ നിറഞ്ഞ ജിവീതം തള്ളിനീക്കേണ്ട അവസ്ഥയാണെന്നും തൊഴിലാളികള്‍ നൊമ്പരത്തോടെ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തൊഴിലാളികളെയും നേതാക്കളെയും ഉള്‍പ്പെടെ വിളിച്ചുചേര്‍ത്തുകൊണ്ട് തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി യോഗം വിളിച്ചുചേര്‍ക്കുമെന്നും സ്ഥാനാര്‍ത്ഥി മറുപടിയായി പറഞ്ഞു. തുടര്‍ന്ന് മേരിലാന്റിലായിരുന്നു സ്ഥാനാര്‍ത്ഥിയെത്തിയത്. ഇവിടുത്തെ ‘ഐക്യനികേതന്’ കോണ്‍വെന്റിലും സിദ്ദിഖെത്തി. ഐക്യനികേതനിലെ അന്തേവാസികളെയും സിസ്റ്റര്‍മാരെയും കണ്ടു സംസാരിച്ചു. പിന്തുണ അഭ്യര്‍ഥിച്ച ശേഷം കോട്ടനാട് എസ്റ്റേറ്റിലാക്കായിരുന്നു യാത്ര. നിരവധി തൊഴിലാളികള്‍ ഇവിടെയും സിദ്ദിഖിനായി കാത്തുന്നിരുന്നു.
പതിവുപോലെ തോട്ടംമേഖലയിലെ കൂലിവര്‍ധനവ്, ഭവനപദ്ധതി, ചികിത്സാസഹായം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥിക്ക് മുമ്പില്‍ ഓരോരുത്തരും നിരത്തിയത്. കുറ്റവാളികളായ തടവുപുള്ളികളോട് കാണിക്കുന്ന അനുഭാവം പോലും തോട്ടം തൊഴിലാളികളോട് സര്‍ക്കാര്‍ കാണിച്ചില്ലെന്ന് സിദ്ദിഖ് പറഞ്ഞു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വരാനിരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുള്‍ വഹാബ് എം പി തോട്ടം തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയത്തിനായി ഒരേക്കര്‍ ഭൂമി നല്‍കിയെങ്കിലും ഇടതുസര്‍ക്കാര്‍ ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി സുരേഷ്ബാബു, ടി ഹംസ, യഹ്യാഖാന്‍ തലക്കല്‍, ആര് ഉണ്ണികൃഷ്ണന്, വി എന്‍ ശശീന്ദ്രന്, കണ്ടത്തില്‍ ജോസ്, മുഹമ്മദ് ബാവ, സി ടി യുനൈസ്, രാജു ഹെജമാടി തുടങ്ങിയ നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.





Leave a Reply