May 18, 2026

പോളിങ് ശതമാനം ഉയർന്നത് ആരെ തുണയ്ക്കും? വിധിയറിയാൻ 24 നാൾ

0
WhatsApp Image 2026-04-10 at 1.11.00 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പോളിങ് ശതമാനത്തിലെ ഉയർച്ച താഴ്ച്ചകൾ ചൂണ്ടിക്കാട്ടി ഫലപ്രവചനം നടത്തുന്ന രീതി എല്ലാകാലത്തും സംസ്ഥാനത്ത് ഉയർന്നുവരാറുണ്ട്. പോളിങ് കൂടിയാൽ യുഡിഎഫിന്, കുറഞ്ഞാൽ എൽഡിഎഫിന് എന്നതാണ് പൊതുവായി പ്രചരിക്കപ്പെടാറുള്ള ഒരു നിരീക്ഷണം. ഇത്തവണ 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്.

കേരളത്തിന്റെ തനതായ രാഷ്ട്രീയ സംസ്‌കാരത്തിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന രീതി 2021-ൽ തിരുത്തപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പിനെ കൂടുതൽ ആകാംക്ഷാഭരിതമാക്കുന്നത്. 140 മണ്ഡലങ്ങളിലേക്കായി നടക്കുന്ന ഈ പോരാട്ടത്തിൽ, ഭരണത്തുടർച്ചയുടെ മൂന്നാം അങ്കത്തിനായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി പടയൊരുക്കിയപ്പോൾ അധികാരം തിരിച്ചുപിടിക്കാൻ ഉറച്ച് വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി കളം നിറഞ്ഞിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ദേശീയ നേതാക്കളെ അടക്കം പ്രചരണത്തിൽ സജീവമാക്കി എൻഡിഎയും കളം പിടിച്ചിരുന്നു.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പോളിങ് ശതമാനത്തിലെ ഈ വർദ്ധനവ് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. താഴെത്തട്ടിൽ ശക്തമായ ഒരു ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് അവർ കണക്കുകൂട്ടുന്നത്. എന്നാൽ, എൽഡിഎഫ് ഈ വാദങ്ങളെ തള്ളിക്കളയുകയാണ്. തങ്ങളുടെ കേഡർ വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ തവണത്തെ അതേ വോട്ടിങ് പാറ്റേൺ ആണ് ഇത്തവണയും തുടരുന്നതെന്നുമാണ് അവരുടെ അവകാശവാദം. അതേസമയം, ബിജെപി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. തിരുവനന്തപുരത്ത് നേമത്തും കഴക്കൂട്ടത്തും വിജയിക്കാനാകുമെന്നും കൊല്ലത്തെ ചാത്തന്നൂരും കരുനാഗപ്പള്ളിയും തങ്ങൾക്ക് അനുകൂലമാകുമെന്നും ബിജെപി കേന്ദ്രങ്ങൾ വിശ്വസിക്കുന്നു. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് തങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്നും അവർ അവകാശപ്പെടുന്നു.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കിയ ശേഷം 1960ല്‍ നടന്ന തിരഞ്ഞെടുപ്പിലായിരുന്നു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്, 85.72%. അന്ന് 108 സീറ്റില്‍ മത്സരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി 29 സീറ്റും 80 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 63 സീറ്റും നേടി. 87ലും വോട്ടിങ് 80% കടന്നു, ആകെ 80.54%. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 78, യുഡിഎഫ് 60 എന്നിങ്ങനെയായിരുന്നു സീറ്റുനില. വോട്ടിങ് ശതമാനത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ ഏതെങ്കിലും മുന്നണിക്ക് അനുകൂലമാണെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നു ശരിവയ്ക്കുന്നതാണു പോളിങ് ശതമാനത്തിന്റെ കണക്കുകള്‍. കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ നടന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പോളിങ് 70 ശതമാനത്തിനു മേലെയാണ്. 1982 മുതൽ 2021 വരെ നാലുതവണ യുഡിഎഫും അഞ്ചുതവണ എൽഡിഎഫും അധികാരംനേടി. ഇത്തവണ ആരു നേടുമെന്ന് അറിയാൻ മെയ് നാല് വരെ കാത്തിരിക്കണം.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പോളിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയ സാധ്യത പരിശോധിക്കാൻ ഞായറാഴ്ച യോഗം ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നൽകുന്ന കണക്ക് പരിശോധിച്ച് നിഗമനങ്ങളിൽ എത്തിച്ചേരും. 80 സീറ്റിനു മുകളിൽ നേടി ഭരണ തുടർച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഐഎം സംസ്ഥാന നേതൃത്വം. ഉയർന്ന പോളിംഗ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്നാണ് നേതാക്കൾ പങ്കുവെക്കുന്ന പ്രതീക്ഷ.

എന്നാൽ നൂറിലേറെ സീറ്റ് യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കൃത്യമായ രാഷ്ട്രീയ വിശകലനത്തിന്റെ പശ്ചാത്തലത്തിലാണിത് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്തിമ കണക്കിനായി ഇനിയും കാത്തിരിക്കണം. സർവീസ് വോട്ടുകൾ, പോസ്റ്റൽ വോട്ടുകൾ, എന്നിവയുടെ കണക്കു കൂടി ചേർക്കപ്പെടുന്നതോടെ വോട്ടു ശതമാനത്തിൽ ചെറിയ വർധന വന്നേക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *