April 21, 2026

ബാലശാസ്ത്ര കോൺഗ്രസിൽ വിസ്മയമായി കുട്ടികളുടെ ‘ഫുഡ് പ്ലേറ്റ്’

0
IMG_20260421_141029
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്റർ വയനാടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജ്ഞാന കൗതുകം ബാലശാസ്ത്ര കോൺഗ്രസ് കുട്ടികളുടെ വൈവിധ്യമാർന്ന പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും വേദിയായി. തങ്ങൾ തുടർച്ചയായ ഏഴു ദിവസങ്ങളിൽ കഴിച്ച ഭക്ഷണം പട്ടികപ്പെടുത്തി വിശകലനം ചെയ്ത്, ഐക്യരാഷ്ട്രസഭ നിർദേശിച്ചിട്ടുള്ള ഫുഡ് പ്ലേറ്റുമായി താരതമ്യപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ ‘ഫുഡ് പ്ലേറ്റ്’ അവതരണം ചടങ്ങിൽ ഏറെ കൗതുകമുണർത്തി. ആഹാരത്തിലെ പോഷകഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ കണ്ടെത്തിയ വിദ്യാർത്ഥികൾ, തങ്ങൾക്കും കുടുംബാംഗങ്ങൾക്കും സഹപാഠികൾക്കുമായി അനുയോജ്യമായ സമീകൃതാഹാര ക്രമം ജീവിതത്തിൽ പ്രാവർത്തികമാക്കുമെന്ന് പ്രഖ്യാപിച്ചു. ‘ഭക്ഷണവും പോഷകങ്ങളും’ എന്ന വിഷയത്തിൽ പൂക്കോട് വെറ്റിനറി സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. അർച്ചന ബാലശാസ്ത്ര കോൺഗ്രസ് 2026 ഉദ്ഘാടനം ചെയ്തു.

 

വയനാട്ടിലെ നിഴലില്ലാ ദിനമായ ഏപ്രിൽ 18-ന്റെ പ്രത്യേകതകൾ ചർച്ച ചെയ്ത ചടങ്ങിൽ, മുറ്റത്ത് നിഴൽ യന്ത്രം സ്ഥാപിച്ചു നട്ടുച്ചയ്ക്ക് 12:30-ന് നിഴൽ പൂർണ്ണമായും അപ്രത്യക്ഷമാകുന്ന പ്രതിഭാസം കുട്ടികൾക്ക് നേരിട്ടറിയാൻ അവസരമൊരുക്കി. ഭക്ഷണത്തിലെ സ്റ്റാർച്ചിന്റെ സാന്നിധ്യം കണ്ടെത്താനുള്ള ടിൻഞ്ചർ അയഡിൻ പരീക്ഷണം, അന്വേഷണാത്മക പഠന റിപ്പോർട്ടുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ശാസ്ത്ര പാട്ടുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ബോംബെ ഐഐടി റിട്ട. പ്രൊഫസർ സുധാകർ കെ. കുട്ടികളുമായി സംവദിച്ചു. പങ്കെടുത്തവർക്ക് പരീക്ഷണ കിറ്റും ശാസ്ത്ര കലണ്ടറും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയമായി നടത്തുന്ന സമ്മർ ക്യാമ്പിലേക്ക് ഇവർക്ക് മുൻഗണന നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രൊഫ. കെ. ബാലഗോപാലൻ, പി.ആർ. മധുസുദനൻ, ടോമി എം.എം., എ.ജെ. ജോസ്, ഷിബു എ.കെ., മത്തായി എം.പി., മർക്കോസ് പി.യു., ബിനു ടി.കെ., ജമുന ജി., വൈക്കിങ് യു.എൻ., ബെൽബി അന്ന ബേബി തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധികളായ അത്രി ദേവ് നാരായണൻ, ഹന്ന തോമസ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *