ജില്ലയിൽ ഈ വർഷം ഇതുവരെ 343 വാഹനാപകടങ്ങൾ; പൊലിഞ്ഞത് 25 ജീവനുകൾ
കൽപ്പറ്റ: ജില്ലയിൽ ഈ വര്‍ഷം ഇതുവരെ ജില്ലയിൽ 343 റോഡപകടങ്ങള്‍ സംഭവിച്ചു. 25 പേര്‍ മരണപ്പെട്ടു. 290 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 108 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. വാഹനപകടങ്ങള്‍ കുറക്കുന്നതിന് അതീവ ജാഗ്രത വേണമെന്നും അവധിക്കാല വിനോദ യാത്രകളും, മറ്റു യാത്രകളും ഏറെയുള്ള സമയമായതിനാല്‍ ഡ്രൈവര്‍മാര്‍ നന്നായി ശ്രദ്ധിക്കണമെന്നും പൊലീസ് അധികൃതർ അറിയിച്ചു.
അശ്രദ്ധരാവരുത്, ജാഗ്രത വേണം സദാസമയവും
റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനമോടിക്കുക. മറ്റു വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതുവശത്തുകൂടി മാത്രം ചെയ്യുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്തു വാഹനം ഓടിക്കരുത്. വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ നിര്‍ത്തുന്നതിനോ അല്‍പം മുമ്പേ തന്നെ സിഗ്‌നല്‍ നല്‍കുക. പിറകില്‍ വരുന്ന വാഹനങ്ങളും എതിരെ നിന്നു വരുന്ന വാഹനങ്ങളും ശ്രദ്ധിച്ച് അപകടമുണ്ടാവില്ലെന്നുറപ്പാക്കിയ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ ഓവര്‍ടേക്ക് ചെയ്യുകയോ നിര്‍ത്തുകയോ ചെയ്യുക. എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി പോകാന്‍ ആവശ്യമായ വഴിയുള്ളിടത്തുമാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ. വളവുകളിലും കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണാന്‍ സാധിക്കാതിരിക്കുമ്പോഴും മറ്റു വാഹനങ്ങളെ മറികടക്കരുത്.
മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. അപ്രതീക്ഷിതമായ അപകട സാധ്യത പോലും മുമ്പില്‍ കണ്ടുവേണം വാഹനമോടിക്കാന്‍. രാത്രിയില്‍ എതിര്‍വശത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും ലൈറ്റ് ഡിം ചെയ്തു കൊടുക്കണം. റോഡിന്റെ മദ്ധ്യഭാഗത്ത് തുടര്‍ച്ചയായ വരയുണ്ടെങ്കില്‍ ആ വര ക്രോസ് ചെയ്യരുത്. ട്രാഫിക് സിഗ്‌നലുകള്‍ കൃത്യമായി അനുസരിക്കുക. സീബ്രാ ക്രോസിങ്ങുകളില്‍ കാത്തുനില്‍ക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുക. തളര്‍ച്ചയുണ്ടെങ്കില്‍ വാഹനം നിര്‍ത്തി വിശ്രമിച്ചശേഷം മാത്രം യാത്ര തുടരണമെന്നും പോലീസ് നിര്‍ദേശിച്ചു.





Leave a Reply