കേരളത്തിൽ ഭരണം മാറ്റമെന്ന് എക്സിറ്റ് പോൾ; യുഡിഎഫ് 70-ന് മുകളിൽ സീറ്റുകൾ നേടും
കൽപ്പറ്റ: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് എക്സിറ്റ് പോൾ ഫലം. പ്രമുഖ ഏജൻസികളായ പീപ്പിൾ പൾസ്, പി മാർക്ക്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ എന്നിവരുടെ പ്രവചനങ്ങൾ പ്രകാരം ഇത്തവണ യുഡിഎഫിന് മുൻതൂക്കം ലഭിക്കുമെന്നാണ് സൂചന.
പി മാർക്ക് പുറത്തിറക്കിയ കണക്കുകൾ പ്രകാരം യുഡിഎഫിന് 71 മുതൽ 79 വരെ സീറ്റുകൾ നേടാനാകുമെന്നാണ് പ്രവചനം. എൽഡിഎഫിന് 62 മുതൽ 69 വരെ സീറ്റുകളും എൻഡിഎയ്ക്ക് ഒന്ന് മുതൽ നാല് വരെ സീറ്റുകളും ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ സംസ്ഥാനത്ത് കടുത്ത മത്സരം നിലനിൽക്കുന്നുവെങ്കിലും യുഡിഎഫ് ചെറിയ മുന്നേറ്റത്തോടെ അധികാരത്തിലേക്ക് കടക്കാനിടയുണ്ടെന്നാണ് സൂചന.
അതേസമയം പീപ്പിൾ പൾസിന്റെ റിപ്പോർട്ട് കൂടുതൽ ശക്തമായ യുഡിഎഫ് മുന്നേറ്റമാണ് കാണിക്കുന്നത്. അവരുടെ കണക്കുകൾ പ്രകാരം യുഡിഎഫിന് 75 മുതൽ 85 വരെ സീറ്റുകൾ നേടാനാകുമെന്നാണ് പ്രവചനം. എൽഡിഎഫിന് 55 മുതൽ 65 വരെ സീറ്റുകളും എൻഡിഎയ്ക്ക് പൂജ്യം മുതൽ മൂന്ന് വരെ സീറ്റുകളും മാത്രമേ ലഭിക്കൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആക്സിസ് മൈ ഇന്ത്യയുടെ വിലയിരുത്തലിൽ യുഡിഎഫിന് 78 മുതൽ 90 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. എൽഡിഎഫിന് 49 മുതൽ 62 വരെ സീറ്റുകളും എൻഡിഎയ്ക്ക് പൂജ്യം മുതൽ മൂന്ന് വരെ സീറ്റുകളും നേടാനാകുമെന്നാണ് കണക്ക്.
അതേസമയം ചാണക്യയുടെ പ്രവചനത്തിൽ മത്സരത്തിന്റെ സ്വഭാവത്തിൽ ചെറിയ വ്യത്യാസമാണ് കാണുന്നത്. അവരുടെ കണക്കുകൾ പ്രകാരം എൽഡിഎഫിന് 60 മുതൽ 65 വരെ സീറ്റുകളും യുഡിഎഫിന് 72 മുതൽ 80 വരെ സീറ്റുകളും ലഭിക്കുമെന്നാണ് വിലയിരുത്തൽ. എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകൾ നേടാനാകുമെന്നുമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
എക്സിറ്റ് പോൾ ഫലങ്ങൾ വിലയിരുത്തുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ശക്തമാണെന്ന സൂചനയാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി ആകെയുള്ളത് അഞ്ച് ദിനങ്ങൾ മാത്രമാണ്.





Leave a Reply