May 1, 2026

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍ പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികള്‍

0
IMG_20260501_142318
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി, പാടച്ചിറ കട്ടിത്താനത്ത് വീട്ടില്‍, കെ.ടി. ജോസ് എന്ന കമ്പളക്കാട് ജോസ്(72) എന്നിവരെയാണ് കൃത്യമായ അന്വേഷണത്തിനൊടുവില്‍ ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസിന്റെ പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്. മുഹമ്മദിനെ ആലക്കോട്, പൂവഞ്ചാലില്‍ വെച്ചും ജോസിനെ

മാനന്തവാടി ബോയ്‌സ് ടൗണില്‍ നിന്നുമാണ് പിന്തുടര്‍ന്ന് പിടികൂടിയത്. അടുത്തിടെ വയനാട് ജില്ലയിലെ മുട്ടില്‍, മടക്കിമല, പുല്‍പ്പള്ളി, മേപ്പാടി, മീനങ്ങാടി എന്നിവിടങ്ങളിലും, തമിഴ്‌നാട്ടിലെ ചേരമ്പാടി, പാടന്തറ എന്നിവിടങ്ങളിലും നടന്ന 19-ാളം മോഷണങ്ങള്‍ നടത്തിയതായി പ്രാഥമിക ചോദ്യചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

 

ഏപ്രില്‍ 23, 24 തീയതിക്കിടയിലുള്ള സമയത്ത് കല്‍പ്പറ്റ, ഗ്രാമത്തുവയലിലെ ഒരു വീട്ടില്‍ നിന്ന് ഒമ്പത് പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് ഇവരെ കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുകാര്‍ വീട്ടില്ലാത്ത സമയം അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി അലമാരയുടെ ലോക്ക് തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. സംഭവം നടന്ന വിവരമറിഞ്ഞയുടന്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിക്കുകയും, ഫിംഗര്‍പ്രിന്റ്, സയിന്റിഫിക് എക്‌സ്‌പേര്‍ട്ടുകള്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവസ്ഥലം പരിശോധിക്കുകയും ചെയ്തു. നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും, സ്വര്‍ണ വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും സമാന കുറ്റവാളികളെ നിരീക്ഷിച്ചും പരിശോധന ശക്തമാക്കി. ഒടുവില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലലാണ് ഇവര്‍ വലയിലാകുന്നത്. ഗ്രാമത്തുവയലിലെ വീട്ടിലെ മോഷണ ശേഷം മറ്റു രണ്ട് വീടുകളിലും ആഭരണങ്ങളും പണവും മുഹമ്മദ് കവര്‍ന്നിട്ടുണ്ട്. ആളില്ലാത്ത വീടുകളെ കുറിച്ച് മുഹമ്മദിന് വിവരങ്ങള്‍ നല്‍കിയിരുന്നത് ജോസാണ്.

 

കെ.എല്‍ 11 ബിബി 8709 നമ്പര്‍ ഇന്നോവ വാഹനത്തില്‍ യാത്ര ചെയ്യവെയാണ് മുഹമ്മദിനെ പിടികൂടിയത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ നിന്ന് പണവും ആഭരണങ്ങളും, ആയുധങ്ങളും കണ്ടെടുത്തു. പ്രതികളെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ടി.പി ദിനേശിൃന്റെ നേതൃത്വത്തില്‍, സബ് ഇന്‍സ്പെക്ടര്‍ വിമല്‍ ചന്ദ്രനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എന്‍. ഹരീഷ് കുമാര്‍, അസി സബ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.കെ. നൗഫല്‍, കെ.കെ. വിപിന്‍, ഷാലു ഫ്രാന്‍സിസ്, എം.എ. അനസ്, എ. അനീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് സക്കറിയ, എ.ഡി ഡിജേഷ്, അഷ്റഫ്, രജീഷ്, അജിത്, ശ്രീജേഷ്, ജെറിന്‍, അനീഷ് എന്നിവരാണുണ്ടായിരുന്നത്.

 

 

കുപ്രസിദ്ധ കള്ളനെ കുരുക്കിയത് ക്രൈം സ്‌ക്വാഡിന്റെ രാപ്പകല്‍ നീണ്ട അന്വേഷണം

 

വയനാട്, നീലഗിരി ജില്ലകളിലെ ജനങ്ങളെ ആശങ്കയിലും ഭീതിയിലുമാഴ്ത്തിയ കുപ്രസിദ്ധ കള്ളനെയാണ് വിശ്രമമില്ലാത്ത രാപ്പകല്‍ നീണ്ട ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ ക്രൈം സ്‌ക്വാഡ് കുരുക്കിയത്. ആളില്ലാത്ത വീടുകള്‍ കണ്ടെത്തി കണ്ണ് ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും മറച്ച്, ഇടക്കിടെ വേഷം മാറി, ക്യാമറകളില്‍ കുടുങ്ങാതെയുള്ള മോഷണ രീതികളായിരുന്നു മുഹമ്മദ് അവലംബിച്ചിരുന്നത്. മുഹമ്മദിനെ പിടികൂടാന്‍ അന്വേഷണ സംഘവും പ്രത്യേക രീതികള്‍ പിന്തുടര്‍ന്നു. വേഷം മാറിയും ഉറക്കമൊഴിച്ചും പല പല സ്ഥലങ്ങളില്‍ ക്രൈം സ്‌ക്വാഡ് ശക്തമായ നിരീക്ഷണങ്ങള്‍ നടത്തി. മോഷ്ടാവ് വന്നെത്താന്‍ സാധ്യതയുള്ള ജില്ലയിലെ വിവിധ ആഘോഷ പരിപാടികളില്‍ മോഷ്ടാവിന്റെ സാന്നിധ്യം കണ്ടുപിടിക്കുന്നതിനുള്ള പരിശോധന നടത്തി. കൃത്യമായ അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ വലയിലാകുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *