May 5, 2026

മഴക്കാല മുന്നൊരുക്കം; വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍

0
IMG_20260505_180307
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിര്‍വഹിക്കേണ്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കളക്ടറേറ്റ് എ.പി.ജെ.ഹാളിൽ വകുപ്പ് മേധാവികൾക്കായി സംഘടിപ്പിച്ച മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള ഏകദിന പരിശീലനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. വെള്ളക്കെട്ടുണ്ടാവാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ജല ശുചീകരണം, സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ, സ്‌കൂളുകളിലെ കിണറുകളുടെയും കുടിവെള്ള ടാങ്കുകളുടെയും വൃത്തി ഉറപ്പുവരുത്തല്‍, പുഴകളുടെയും കനാലുകളുടെയും ശുചീകരണം, ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കല്‍, അഴുക്കുചാല്‍ വൃത്തിയാക്കല്‍, റോഡ് സുരക്ഷ, മഴക്കാലരോഗ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

 

കാലവര്‍ഷ – തുലാവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖയില്‍ (ഓറഞ്ച് ബുക്ക്) പരാമര്‍ശിക്കും പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടർ നിർദേശിച്ചു. മഴക്കാലത്ത് പകര്‍ച്ചവ്യാധി കൊണ്ടോ, മുങ്ങിമരണങ്ങള്‍ കൊണ്ടോ, മണ്ണിടിച്ചില്‍ മൂലമോ ഒരാള്‍ പോലും മരിക്കാന്‍ പാടില്ല എന്നത് പ്രധാനമാണ്. ഭക്ഷ്യവിഷബാധ കേസുകള്‍ ഉണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി എല്ലാ സ്‌കൂളുകളിലെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം. സ്കൂളുകളിലെ ടോയ്ലറ്റുകള്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണം.

 

ഹോര്‍ഡിംഗുകളും അപകടാവസ്ഥയിലുള്ള മറ്റു നിര്‍മ്മിതികളും ശക്തമായ കാറ്റിലും മഴയിലും വീഴാന്‍ സാധ്യതയുള്ളതിനാല്‍ അവ നീക്കം ചെയ്യണം. അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുകയോ അല്ലെങ്കില്‍ അവയുടെ ചില്ലകള്‍ വെട്ടിമാറ്റുകയോ ചെയ്യണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ ട്രീ കമ്മിറ്റികള്‍ കൂടണം. ഓരോ പഞ്ചായത്തിലും കൃത്യമായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ഷന്‍ പ്ലാന്‍ ഉണ്ടായിരിക്കണം. കനത്ത മഴ പെയ്താല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങള്‍, ഉരുള്‍പൊട്ടല്‍ അല്ലെങ്കില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവ മുന്‍കൂട്ടി കണ്ട് മാപ്പിംഗ് നടത്തണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. ഉഷ്ണതരംഗം പ്രതിരോധ നടപടികളും യോഗം ചര്‍ച്ച ചെയ്തു.

 

കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ അതുല്‍ സാഗര്‍, എ.ഡി.എം എ ജയശ്രീ, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എം.കെ ഇന്ദു, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *