വ്യക്തിഹത്യയ്ക്കും വികസന മുരടിപ്പിനുമെതിരായ ജനവിധി; വയനാട്ടിലെ വിജയം സിപിഎമ്മിനുള്ള പ്രഹരമെന്ന് യുഡിഎഫ്
കൽപ്പറ്റ: വയനാട് ജില്ലയിൽ യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയം വ്യക്തിഹത്യ നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിച്ച സിപിഎമ്മിനേറ്റ കനത്ത പ്രഹരമാണെന്ന് ജില്ലാ യുഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൽപ്പറ്റയിലെ സ്ഥാനാർത്ഥി അഡ്വ. ടി സിദ്ദിഖിനും സുൽത്താൻ ബത്തേരിയിലെ സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണനുമെതിരെ ഹീനമായ വ്യക്തിഹത്യ പരാമർശങ്ങൾ നടത്തി വിജയിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും ഇതിന് വോട്ടർമാർ ബാലറ്റിലൂടെ കൃത്യമായ മറുപടി നൽകിയെന്നും നേതാക്കൾ വിലയിരുത്തി. ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരെയും അവർക്കൊപ്പം നിന്ന ജനപ്രതിനിധികളെയും ഇകഴ്ത്താൻ ശ്രമിച്ച സർക്കാരിനെ ദുരന്തബാധിത മേഖലകൾ പൂർണ്ണമായും കൈവിട്ടതിന്റെ തെളിവാണ് മുണ്ടക്കൈ, ചൂരൽമല ബൂത്തുകളിൽ യുഡിഎഫിന് ലഭിച്ച വൻ ഭൂരിപക്ഷമെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. പുനരധിവാസത്തിലെ അപാകതകൾക്കും അന്തിമ ഗുണഭോക്തൃ പട്ടിക വൈകുന്നതിനും കടങ്ങൾ എഴുതിത്തള്ളാത്തതിനും എതിരെയുള്ള പ്രതിഷേധമാണ് അവിടെ പ്രതിഫലിച്ചത്. തനിക്കെതിരെ ഉയർത്തിയ അടിസ്ഥാനരഹിതമായ നുണപ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണ് ബത്തേരിയിലെ വിജയമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഒ ആർ കേളുവിന്റെ പൊള്ളയായ വികസന വാഗ്ദാനങ്ങൾക്കുള്ള മറുപടിയാണ് മാനന്തവാടിയിൽ ഉഷാ വിജയന്റെ തകർപ്പൻ വിജയമെന്നും പ്രഥമ പരിഗണന മെഡിക്കൽ കോളജിന്റെ വികസനത്തിനായിരിക്കുമെന്നും നിയുക്ത എംഎൽഎ ഉഷാ വിജയൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ അഞ്ചിന ഗ്യാരണ്ടി പദ്ധതിയും വയനാട് ഡോക്യൂമെന്റും മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നും എംപി പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം ജില്ലയുടെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു. വന്യമൃഗ ശല്യം, ബദൽ പാതകൾ, കാർഷിക പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാൻ പുതിയ സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എച്ച് ബി പ്രദീപ് മാസ്റ്റർ, അഡ്വ ടി ജെ ഐസക്ക്, എൻ കെ റഷീജ്, കെ എൽ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply