May 6, 2026

ആരാകും വയനാട്ടിൽ നിന്നുള്ള മന്ത്രി? ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനും സാധ്യത

0
WhatsApp Image 2026-05-06 at 12.23.49 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് അറിയാനുള്ള ആകാംഷയിലാണ് മലയാളികൾ. വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളാണ് മുഖ്യമന്ത്രിയാകാൻ രംഗത്തുള്ളത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചര്‍ച്ചകള്‍ക്കിടയിൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഘടക കക്ഷികളുമായി ചര്‍ച്ച നടത്താനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം.

മന്ത്രിസഭയിൽ വയനാട്ടിൽ നിന്നൊരു മന്ത്രിയുണ്ടാകുമെന്ന ചർച്ചയും സജീവമാണ്. അഡ്വ. ടി സിദ്ദിഖിന്റെയും ഐ സി ബാലകൃഷ്ണന്റെയും പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് തുടർച്ചയായ നാലാം തവണയാണ് ഐ സി ബാലകൃഷ്ണൻ നിയമസഭയിലെത്തുന്നത്. ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ കഴിഞ്ഞത് ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം കൊണ്ടാണെന്നും മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു ടി സിദ്ദിഖിന്റെ വിജയം. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം പത്തിരട്ടിയാക്കി, 45031 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ടി സിദ്ദിഖ് കോൺ​ഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളാണ്. മുണ്ടക്കെെ ചൂരൽമല ദുരന്തമേഖലയിലെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ലീ​ഡ് ഉയർത്തുന്നതിന് സഹായകമായി. അതിനാൽ മന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടേണ്ട ഒരു വ്യക്തിയാണ് സിദ്ദിഖെന്നാണ് വിലയിരുത്തൽ. ചരിത്ര ഭൂരിപക്ഷമുള്ളതിനാൽ സിദ്ദിഖിനെയും തള്ളികളയാൻ കോൺ​ഗ്രസ് നേതൃത്വത്തിന് സാധിക്കില്ല.

പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ 12 പേര്‍ കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരാകും. സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിന് ലഭിക്കും. ഇതിൽ വയനാട്ടിൽ നിന്നൊരു മന്ത്രി വന്നാൽ ഐ സി ബാലകൃഷ്ണനും ടി സിദ്ദിഖും സാധ്യതയുണ്ട്. ആരാകും മന്ത്രിയെന്ന് ഔദ്യോ​ഗിക പ്രഖ്യാപനത്തിന് ശേഷമേ വ്യക്തതവരികയുള്ളൂ.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ചില വകുപ്പുകൾ വച്ചു മാറുന്നത് സംബന്ധിച്ചും ഘടക കക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമെന്നാണ് സൂചന. ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം, ദേവസ്വം, ഊർജ്ജം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കോൺഗ്രസ് ഘടകകക്ഷികൾക്ക് വിട്ടുനൽകിയേക്കില്ല. പകരം ജലസേചനം, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഫിഷറീസ്, തൊഴില്‍, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

മുസ്ലീം ലീഗിന് നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കിയേക്കും. അഞ്ചാം മന്ത്രി പദവിക്ക് മുസ്ലീം ലീഗ് സമ്മര്‍ദ്ദം ചെലുത്തുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. അങ്ങനെ സമ്മര്‍ദ്ദമുണ്ടായാൽ അഞ്ചാം മന്ത്രിസ്ഥാനം ലീഗിന് നല്‍കിയേക്കും. പകരം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നൽകില്ല.കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചേക്കും. ആര്‍.എസ്.പിക്ക് ഒരു മന്ത്രി സ്ഥാനം ലഭിക്കും. ഒരു സീറ്റില്‍ മാത്രം ലഭിച്ച കേരള കോണ്‍ഗ്രസ് (ജേക്കബ്), ആര്‍എംപി, സിഎംപി എന്നീ പാര്‍ട്ടികള്‍ക്ക് ടേം അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് സാധ്യത. വകുപ്പുകളുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി എത്രയും പെട്ടെന്ന് ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *