പള്ളിക്കൽ ഗവ. എൽ.പി സ്കൂൾ യു.പി ആയി ഉയർത്തണം: ന്യൂനപക്ഷ കമ്മീഷൻ വിധിയിൽ പ്രദേശത്തുകാർക്ക് പ്രതീക്ഷ
മാനന്തവാടി: മാനന്തവാടി ഉപജില്ലയുടെ കീഴിൽ വരുന്ന എടവക പള്ളിക്കൽ ഗവ. എൽ.പി സ്കൂൾ യു.പി ആയി ഉയർത്തണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന്മേൽ ന്യൂനപക്ഷ കമ്മീഷൻ അനുകൂല ഉത്തരവിട്ടതോടെ പ്രദേശത്തുകാർക്ക് പ്രതീക്ഷയേറുന്നു. സാധാരണക്കാരുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്നതിന് പ്രദേശത്തുള്ളവർ ആശ്രയിക്കുന്ന ഏക വിദ്യാലയമാണിത്. 1896-ൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നെങ്കിലും, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം 1965-ൽ അഞ്ചാം ക്ലാസ് ഒഴിവാക്കപ്പെടുകയായിരുന്നു. പട്ടികജാതി-വർഗ, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾ കൂടുതലായി പഠിക്കുന്ന ഈ വിദ്യാലയത്തിൽ നിലവിൽ യു.പി സ്കൂളാക്കുന്നതിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും ലഭ്യമാണ്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതടക്കം നാല് കെട്ടിടങ്ങൾ നിലവിലുണ്ട്. എൽ.പി വിഭാഗത്തിൽ അധ്യാപകരടക്കം ആകെ 15 ജീവനക്കാരും, പ്രീ-പ്രൈമറി വിഭാഗത്തിൽ അഞ്ച് അധ്യാപകരടക്കം ആറു ജീവനക്കാരുമാണുള്ളത്. നിലവിൽ 300 കുട്ടികൾ എൽ.പി വിഭാഗത്തിലും 120 കുട്ടികൾ പ്രീ-പ്രൈമറിയിലുമായി പഠിക്കുന്നുണ്ട്. നാലാം ക്ലാസിൽ മാത്രം 84 കുട്ടികളുണ്ട്.
സ്കൂളിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ മറ്റു യു.പി സ്കൂളുകൾ ഇല്ലാത്തതിനാൽ, ഇവിടെനിന്ന് നാലാം ക്ലാസ് പൂർത്തിയാക്കുന്നവർക്ക് കിലോമീറ്ററുകൾ അപ്പുറമുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കൂലിത്തൊഴിലാളികളും കർഷകരും ന്യൂനപക്ഷങ്ങളും ആദിവാസികളും അടങ്ങുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് എന്നതിനാൽ, ദൂരെയുള്ള സ്കൂളുകളിലേക്ക് ഇവരെ അയക്കുന്നത് രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. ജില്ലയിലെ ആദ്യത്തെ സ്കൂളുകളിലൊന്നായ ഇതിനെ യു.പി ആയി ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിരന്തര ആവശ്യങ്ങൾക്കൊടുവിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് യു.പി ആക്കാനുള്ള ഉത്തരവിറങ്ങിയിരുന്നെങ്കിലും, എൽ.ഡി.എഫ് സർക്കാർ വന്നതോടെ സ്കൂൾ മാപ്പിങ് കഴിഞ്ഞിട്ടില്ല എന്ന കാരണത്താൽ നടപടികൾ നിർത്തിവെക്കുകയായിരുന്നു. മാപ്പിങ് നടപടികൾ പൂർത്തിയായിട്ട് 7 വർഷം പിന്നിട്ടിട്ടും തുടർനടപടികൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പി.ടി.എ ഭാരവാഹികളും പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും മൈനോരിറ്റി കമ്മീഷനെ സമീപിച്ചതും, പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ കമ്മീഷൻ ഈ വർഷം തന്നെ സ്കൂൾ യു.പി ആയി ഉയർത്തണമെന്ന് പ്രത്യേക ഉത്തരവിട്ടതും. ഒപ്പം, സ്കൂളിനെതിരെ തുടരുന്ന അവഗണന അവസാനിപ്പിക്കാൻ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.





Leave a Reply