ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; രണ്ട് പതിറ്റാണ്ട് കാലത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി
കോഴിക്കോട്: 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ സൌദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരിൽ വിമാനമിറങ്ങിയത്. സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. എല്ലാവർക്കും നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു. തറവാട്ട് വീട്ടിൽ ഉമ്മയെയും സഹോദരനെയും കെട്ടിപ്പിടിച്ച റഹീമിന് കണ്ണുനീർ അടക്കാനായില്ല.
2006ലാണ് സൌദി ബാലൻറെ മരണത്തെ തുടർന്ന് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. റഹീമിൻറെ മോചനത്തിനായി ലോക മലയാളികൾ സമാഹരിച്ചത് 34 കോടി രൂപയാണ്. ദിയാധനം നൽകിയാണ് മോചനം സാധ്യമായത്. 2024 ജൂലൈയിൽ റഹീമിൻറെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു.
എയർപോർട്ടിലെത്തിയ റഹീം തന്നെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കൂടെയുണ്ടായിരുന്നു. റഹീമിന്റെ ജയിൽ മോചന ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അധികൃതർ ഒപ്പുവെച്ചത്. ഇന്നലെ ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.





Leave a Reply