സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ്: ഇ.എം. സത്യചിത്തിന് കിരീടം
മീനങ്ങാടി: സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയും വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മറ്റിയും ചേർന്ന് മീനങ്ങാടി സെൻ്റ് ഗ്രിഗോറിയോസ് ബി.എഡ് കോളേജിൽ സംഘടിപ്പിച്ച കേരള സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന്റെ ഇ.എം. സത്യചിത്ത് ചാമ്പ്യനായി. 7 റൗണ്ടുകളിൽ നിന്ന് 6 പോയിന്റ് നേടിയാണ് സത്യചിത്ത് കിരീടം ചൂടിയത്. അഞ്ചര പോയിന്റുകൾ വീതം നേടി കണ്ണൂരിന്റെ സാവന്ത് കൃഷ്ണൻ, എറണാകുളത്തിന്റെ ഗിരിധർ എ, തിരുവനന്തപുരത്തിന്റെ അനക്സ് കാഞ്ഞിരവിള എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആദ്യ നാല് സ്ഥാനങ്ങൾ നേടിയ ഇവർ ഉത്തർപ്രദേശിൽ നടക്കുന്ന നാഷണൽ സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് കേരളത്തിൽ നിന്നും യോഗ്യത നേടിയിട്ടുണ്ട്.
14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 48 മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. പങ്കെടുത്ത മുഴുവൻ ആളുകൾക്കും ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മെത്രാപൊലീത്ത ഗീവർഗ്ഗീസ് മോർ സ്റ്റെഫാനോസ് സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ വി.ആർ. സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ പി.എസ്. വിനീഷ് സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് കമ്മറ്റി അംഗം വി.എൻ. രാജേഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ സുനിൽ എം.കെ., രമേഷ് ആർ., രജിത ഷിജി, ഷെബീർ ജാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply