സ്വകാര്യ ആശുപത്രിയില്‍നിന്ന് ലക്ഷങ്ങള്‍ ശമ്പളം പറ്റി പ്രാക്ടീസ്; വയനാട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍
മാനന്തവാടി: സർക്കാർ സർവീസില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം പറ്റി സ്വകാര്യ ആശുപത്രിയില്‍ വൻ തുകയ്ക്ക് പ്രാക്ടീസ് നടത്തിവന്ന മെഡിക്കല്‍ കോളേജ് ഡോക്ടറെ വിജിലൻസ് കൈയോടെ പിടികൂടി. വയനാട് സർക്കാർ മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി. ശിവപ്രസാദാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം മിന്നല്‍ പരിശോധന നടത്തി ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു.
വയനാട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മാസ ശമ്പളം കൈപ്പറ്റുന്ന ശിവപ്രസാദ്, ഈ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഏഴ് ലക്ഷം രൂപയാണ് മാസ ശമ്പളമായി വാങ്ങിയിരുന്നതെന്ന് വിജിലൻസ് അറിയിച്ചു. മുൻപ് സ്വകാര്യ പ്രാക്ടീസിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും ഇയാള്‍ നടപടി നേരിട്ടിരുന്നതായി ആക്ഷേപമുണ്ട്. ഇൻസ്‌പെക്ടർ ശംഭുനാഥ്. കെ, സബ്‌ഇൻസ്‌പെക്ടർമാരായ സന്തോഷ് കുമാർ, അബ്ദുല്‍സലാം, സിവില്‍ പോലീസ് ഓഫീസർമാരായ ശോജി, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് ഡോക്ടറെ പിടികൂടിയത്. സർക്കാർ ശമ്പളം കൈപ്പറ്റി സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് നടത്തിവരുന്ന ഡോക്ടർമാർക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് വ്യക്തമാക്കിക്കഴിഞ്ഞു.





Leave a Reply