മൈക്രോ പ്ലാൻ തുക രണ്ട് ലക്ഷമാക്കി; ഫേസ് വണ്ണിലെ എല്ലാവരെയും ഉൾപ്പെടുത്തുമെന്ന് മന്ത്രി ടി. സിദ്ദീഖ്
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നടപ്പാക്കുന്ന സംരംഭക പദ്ധതിയായ മൈക്രോ പ്ലാനിൽ ഫേസ് വണ്ണിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തുമെന്ന് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പ്രഖ്യാപിച്ചു. പദ്ധതിപ്രകാരമുള്ള ഗുണഭോക്താക്കൾക്കുള്ള ധനസഹായം രണ്ട് ലക്ഷം രൂപയായി വർദ്ധിപ്പിച്ചതായും മന്ത്രി അറിയിച്ചു. മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കഴിഞ്ഞ സർക്കാർ നടപ്പാക്കിയ മൈക്രോ പ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടും പലർക്കും പണം ലഭിച്ചില്ലെന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പുതിയ പ്രഖ്യാപനം.
മുണ്ടക്കൈ-ചൂരൽമല പുനരാധിവാസ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന വയനാട് ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിക്കിട്ടിയ 178 ഗുണഭോക്താക്കളുടെ ഫെയ്സ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വീട്ടുകൂടൽ ചടങ്ങിലാണ് ഗുണഭോക്താക്കൾ ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അനുവദിച്ച തുക പലർക്കും ലഭിച്ചില്ലെന്ന പരാതിക്ക് പുറമെ, ടൗൺഷിപ്പിൽ ഇപ്പോൾ താമസം തുടങ്ങിയവർക്ക് മാലിന്യനിർമാർജനത്തിന് സംവിധാനമില്ലെന്ന കാര്യവും അവർ ഉന്നയിച്ചിരുന്നു. മന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം ഉയർന്നുവന്ന ഈ പരാതികളോട് പ്രതികരിച്ചുകൊണ്ട് സദസിനെ വീണ്ടും അഭിസംബോധന ചെയ്താണ് മന്ത്രി നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതോടെ ഏറെ നാളായി നിലനിന്നിരുന്ന മൈക്രോ പ്ലാൻ വിവാദങ്ങൾക്കാണ് വിരാമമായത്.
ടൗൺഷിപ്പിൽ ഇതിനോടകം തന്നെ ചില കുടുംബങ്ങൾ താമസം തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള കുടുംബങ്ങൾ വാടക വീടുകളിൽ നിന്ന് ഇന്നലെയും ഇന്നുമായി പുതിയ വീടുകളിലേക്ക് താമസം മാറുന്നതിന്റെ ഭാഗമായാണ് ഫെയ്സ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടുകൂടൽ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ, കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡണ്ട് ടി. ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഫെയ്സ് വൺ കൂട്ടായ്മ കൺവീനർ രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ദുരന്തസമയത്തെ രക്ഷാപ്രവർത്തനം മുതൽ പുനരധിവാസം വരെയുള്ള കാര്യങ്ങളിൽ തങ്ങളോട് സഹകരിച്ച എല്ലാവർക്കും ദുരന്തബാധിതർ നന്ദി രേഖപ്പെടുത്തി.





Leave a Reply