മെന്റർ ടീച്ചർമാരെ പിരിച്ചുവിട്ട സംഭവം: അർഹരായവർക്ക് ഉടൻ പുനർനിയമനം നൽകണമെന്ന് എസ്‌ഡിപിഐ
കൽപ്പറ്റ: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന മെന്റർ ടീച്ചർമാരെ കാലാവധി അവസാനിച്ചതിന്റെ പേരിൽ പിരിച്ചുവിട്ട സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെയോ അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയോ തുടർച്ചയെ യാതൊരു വിധത്തിലും ബാധിക്കാത്ത രീതിയിൽ അർഹരായ ഉദ്യോഗാർത്ഥികൾക്ക് പുനർനിയമനം നൽകിക്കൊണ്ട് പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി.
സർക്കാരിന്റെ വിവിധ വകുപ്പുകളിലെ താൽക്കാലിക നിയമനങ്ങൾ പലപ്പോഴും രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാണ് എല്ലാ കക്ഷികളും നടത്തിവരുന്നത്. ഇത്തരം നിയമനങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ വിവാദങ്ങൾ ഉണ്ടാകുന്നത് പതിവാണ്. എന്നാൽ ഈ വിവാദങ്ങളുടെ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുന്നത് അർഹരായ ഉദ്യോഗാർത്ഥികൾക്കും പൊതുസമൂഹത്തിനുമാണ്. ഒൻപത് വർഷമായി തുടരുന്ന സേവനപരിചയമുള്ള മെന്റർ ടീച്ചർമാരെ ഒറ്റയടിക്ക് പിരിച്ചുവിടുന്നത് അവരുടെ ജീവിതത്തെ ഗുരുതര പ്രതിസന്ധിയിലാക്കുന്നതാണ്.
രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിനിർത്തി, അർഹതയും സേവനപരിചയവും ഉള്ള അധ്യാപകരെ പരിഗണിച്ച് പുനർനിയമന നടപടികൾ വേഗത്തിലാക്കി പ്രശ്നം പരിഹരിക്കണം. മെന്റർ ടീച്ചർമാരുടെ നിയമനം വൈകുന്നത് ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വലിയ തിരിച്ചടിയാകും. അതിനാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇത്തരം നിയമനങ്ങളെ ഉപയോഗപ്പെടുത്തുന്ന സമീപനം അവസാനിപ്പിച്ച്, ഏറ്റവും മികച്ച കഴിവും പ്രാപ്തിയും ഉള്ള അധ്യാപകരെ നിയമിക്കുന്നതിന് സർക്കാർ മുൻഗണന നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന പ്രവർത്തക സമിതിയംഗം എ സി ജലാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഹംസ, ജനറൽ സെക്രട്ടറിമാരായ പി ടി സിദ്ധീഖ്, മഹ്‌റൂഫ് കെ, സെക്രട്ടറിമാരായ ബബിത ശ്രീനു, സൽമ അഷ്‌റഫ്, എസ് മുനീർ, ട്രഷറർ കെ പി സുബൈർ, കമ്മിറ്റിയംഗങ്ങളായ അഡ്വ :കെ എ അയ്യൂബ്, ഉസ്മാൻ ഇ, ഷമീർ കെ, ഇബ്രാഹിം മൗലവി, ഇബ്രാഹിം പി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply