‘ഷിഗല്ലെ’ രോഗ ലക്ഷണങ്ങളും, പ്രതിരോധ മാർഗങ്ങളും
കൽപ്പറ്റ: സംസ്ഥാനത്ത് ഷിഗല്ലെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്ന് ബത്തേരി കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ നിരവധി വിദ്യാർഥികൾ ചികിത്സ തേടിയിരുന്നു. അവരിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചു. എന്താണ് ഷിഗല്ലെയെന്നും രോഗ ലക്ഷണങ്ങളും, പ്രതിരോധ മാർഗങ്ങളും എന്തെല്ലാമെന്നും വിശദമായി നോക്കാം.
കുടലിനെ ബാധിക്കുന്ന ഒരു രോഗമാണ് ഷിഗെല്ല അണുബാധ. ഇതിന്റെ മറ്റൊരു പേര് ഷിഗെല്ലോസിസ് എന്നാണ്. ഷിഗെല്ല ബാക്ടീരിയ എന്നറിയപ്പെടുന്ന ഒരു കൂട്ടം അണുക്കൾ മൂലമാണ് ഇത് ഉണ്ടാകുന്നത്. 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഷിഗെല്ല അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. എന്നാൽ ഈ രോഗം ഏത് പ്രായത്തിലും ഉണ്ടാകാം.
വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.
വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. അണുക്കൾ വിരലുകളിലോ, പ്രതലങ്ങളിലോ, ഭക്ഷണത്തിലോ വെള്ളത്തിലോ പ്രവേശിക്കാം. അണുക്കൾ വിഴുങ്ങിയതിനുശേഷം അണുബാധ സംഭവിക്കുന്നു.
രോഗലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം.
രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
പ്രതിരോധ മാര്‍ഗങ്ങള്‍
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
- ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
- വ്യക്തിശുചിത്വം പാലിക്കുക.
- തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
- കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്കരിക്കുക.
- രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
- പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
- ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
- വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
- കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
- വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
- രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
- പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
- രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ കഴിക്കുക.
- കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക.





Leave a Reply