വയനാട്ടിൽ എയിംസ് സ്ഥാപിക്കണം:ഓർമ്മ ഇൻ്റർനാഷണൽ ഇന്ത്യ റീജിയൺ
പനമരം: ചികിത്സാ സൗകര്യലഭ്യതയിൽ ഏറെ പിന്നാക്കം നിൽക്കുന്ന വയനാട് ജില്ലയിൽ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) സ്ഥാപിക്കണമെന്ന് ഓർമ്മ ഇൻ്റർനാഷണൽ ഇന്ത്യ റീജിയൺ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി ബിനാച്ചി എസ്റ്റേറ്റിലെ 500 ഏക്കർ സ്ഥലമോ, അല്ലെങ്കിൽ മടക്കിമലയിൽ ലഭ്യമായിട്ടുള്ള 50 ഏക്കർ സ്ഥലമോ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയുക്തപ്പെടുത്തണം. എയിംസ് കേരളത്തിൽ വരുമെന്നും അത് പിന്നാക്ക ജില്ലയിലാകുമെന്നുമുള്ള കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ചൂണ്ടിക്കാട്ടിയ ഭാരവാഹികൾ, അങ്ങനെയെങ്കിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന വയനാടാണ് ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് വ്യക്തമാക്കി. നിലവിൽ പൂർണ്ണ സജ്ജമായ ഒരു മെഡിക്കൽ കോളേജ് വയനാടിനില്ല. ജനസംഖ്യയിൽ നല്ലൊരു പങ്ക് ഗോത്രവർഗ്ഗക്കാരുള്ള ഇവിടെ, വിദഗ്ധ ചികിത്സയ്ക്കായി ചുരവും ഗതാഗതക്കുരുക്കും മറികടന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നടത്തുന്ന യാത്ര ജനങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നതിന് തുല്യമാണ്.
വയനാട്ടിൽ എയിംസ് സ്ഥാപിക്കുന്നതോടെ കേരളത്തിലെ അഞ്ച് വടക്കൻ ജില്ലകളിലെ 1.35 കോടി ജനങ്ങൾക്കും, കർണാടകയിലെ ചാമരാജ്, കൊടക് ജില്ലകളിലെ 16 ലക്ഷം ജനങ്ങൾക്കും, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഏഴ് ലക്ഷം ജനങ്ങൾക്കും ഇതിന്റെ സേവനം ലഭ്യമാകും. ചുരുക്കത്തിൽ കേരളം, തമിഴ്നാട്, കർണ്ണാടക എന്നീ മൂന്നു സംസ്ഥാനങ്ങൾക്കും ഇത് ഒരുപോലെ പ്രയോജനകരമാകും. ജില്ലയിലെ 3.5 ലക്ഷം ഗോത്രവർഗ്ഗക്കാർക്കും ചികിത്സ തേടി മറ്റെങ്ങും പോകേണ്ടി വരില്ല എന്നതിനൊപ്പം റെയിൽപാത യാഥാർഥ്യമായാൽ തെക്കൻ ജില്ലക്കാർക്കും ഇവിടെ വിദഗ്ധ ചികിത്സനേടാനാകും. പരിസ്ഥിതിക്ക് വിഘാതമില്ലാതെ വ്യോമയാന സൗകര്യം കൂടി പ്രായോഗികമാക്കിയാൽ അന്താരാഷ്ട്ര നിലവാരത്തിൽ മെഡിക്കൽ ടൂറിസവും കൊണ്ടുവരാൻ സാധിക്കും.
അതിനാൽ എയിംസിന് വേണ്ടി രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി, മുഖ്യമന്ത്രി, എംപി, എംഎൽഎമാർ തുടങ്ങിയവർക്ക് നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ചാൻസിലർ പി.ഡി. ജോർജ് പാറപ്പുറം, രക്ഷാധികാരി പി.സി. വിൻസെൻ്റ് നടവയൽ, പ്രസിഡണ്ട് കെ.ജെ. ജോസഫ്, സെക്രട്ടറി കെ.പി. ഷീജ, സ്റ്റാൻലി ജേക്കബ്, സിറാജ് നെല്ലിയമ്പം, എ.സി. തോമസ്, രതീഷ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.





Leave a Reply