വൃക്കരോഗികൾക്ക് ആശ്വസിക്കാം; മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിന് 9 ഡയാലിസിസ് മെഷീനുകൾ കെെമാറി
മാനന്തവാടി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്ക രോഗികൾക്ക് ആശ്വാസമായി കബനി വാലി റോട്ടറി ക്ലബ്ബിൻറെ നേതൃത്വത്തിൽ മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിന് 9 ഡയാലിസിസ് മെഷീനുകൾ നൽകി. മാനന്തവാടിയിൽ വൃക്ക രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലെ സൗകര്യങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് റോട്ടറി ക്ലബ്ബ് ഈ പദ്ധതി തെരഞ്ഞെടുത്തത്. ഇതോടെ സെൻറ് ജോസഫ് ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ ശേഷി വർദ്ധിക്കുകയും കൂടുതൽ രോഗികൾക്ക് ഒരേ സമയം ഡയാലിസിസ് നടത്തുവാനും കഴിയും.
കോയമ്പത്തൂർ ആലം റോട്ടറി ക്ലബ്ബിൻറെ സഹായത്തോടെ നാലു മെഷീനുകളും മാനന്തവാടി കബനി വാലിയുടെ ഗ്ലോബൽ ഗ്രാൻഡ് പ്രൊജക്റ്റ് മുഖേന 5 മെഷീനുകളും ഉൾപ്പെടെ ഒമ്പതെണ്ണം കൈമാറി. മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഷി എഫ്ഐബിസി കമ്പനിയുടെയും ബ്രസീലിലെ റോട്ടറി ക്ലബ്ബായ കാസിയാസ് ഡു സുളുവും ചേർന്നാണ് ഈ പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകിയത്. സമൂഹത്തിലെ പിന്നോക്ക അവശ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങൾ റോട്ടറി കബനി വാലി നടത്തി വരുന്നത്.
ആശുപത്രി അധികൃതരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഗവൺമെൻറ് അംഗീകൃത നിരക്കിൽ മാത്രമാണ് രോഗികൾക്ക് ഡയാലിസിസ് നടത്തുക. ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ജൂൺ 13-ന് ശനിയാഴ്ച കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ് നിർവഹിച്ചു.
മാനന്തവാടി എം.എൽ.എ ശ്രീമതി ഉഷാ വിജയൻ, മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ,റിഷി എഫ്ഐബിസി സിഇഓ ജോസഫ് ഫ്രാൻസിസ്, മാനന്തവാടി രൂപതാ വികാരി ജനറാൾ പോൾ മുണ്ടോലിക്കൽ, കബനിവാലി പ്രസിഡന്റ് ഷാജി എബ്രഹാം, സെക്രട്ടറി റിൻസ് കെ പി, ഫാദർ മനോജ് കവലകാടൻ, കെ.ജി സുനിൽ , ഡോക്ടർ ടിപിവി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. റിഷി എഫ്ഐബിസി സിഇഓ, ജോസഫ് ഫ്രാൻസിസ്, കൽപ്പറ്റ ക്ലബ്ബിലെ ജോസ് മാത്യു എന്നവരെ ചടങ്ങിൽ ആദരിച്ചു.





Leave a Reply