ആശങ്കകൾ പങ്കുവെച്ച് ഉടമകൾ; സ്വകാര്യ ബസുടമകളുടെ യോഗം ചേർന്നു
കൽപ്പറ്റ: ജില്ലയിലെ സ്വകാര്യ ബസുടമകളുടെ പണിമുടക്ക് പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ബസുടമകളുടെ യോഗം വിളിച്ചു. എ.ഡി.എം കെ. അജീഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബസുടമകൾ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു. ഒരേ റൂട്ടുകളിൽ ഒരേ സമയത്ത് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെയും സ്വകാര്യ ബസുകളുടെയും വിവരങ്ങൾ കൈമാറാൻ സ്വകാര്യ ബസുടമകളോട് നിർദേശിച്ചു. ബസുകളുടെ പട്ടിക ലഭിച്ച ശേഷം ഇത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് എ.ഡി.എം അറിയിച്ചു.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകൾക്ക് സംഭവിച്ച വരുമാന നഷ്ടവും മറ്റ് ആശങ്കകളും സർക്കാറിനെ അറിയിക്കാനും യോഗത്തിൽ തീരുമാനമായി. സുൽത്താൻ ബത്തേരി നഗരത്തിലൂടെ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളുടെ ക്രമീകരണം സംബന്ധിച്ച് മുനിസിപ്പാലിറ്റി ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൈക്കൊണ്ട തീരുമാനം നടപ്പാക്കാൻ പൊലീസിന് നിർദേശം നൽകി. ആർ.ടി.ഒ കെ.ആർ സുമേഷ്, കെ.എസ്.ആർ.ടി.സി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.ആർ രാജേഷ്, കെ.എസ്.ആർ.ടി.സി ജില്ലാതല ഉദ്യോഗസ്ഥർ, ബസുടമകളുടെ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.





Leave a Reply