പുൽപ്പള്ളി ബാങ്ക് വായ്പത്തട്ടിപ്പ്: 46.97 ലക്ഷം രൂപ കൂടി ഈടാക്കാൻ സർച്ചാർജ് ഉത്തരവ്
കൽപ്പറ്റ: വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പുതുക ഉത്തരവാദികളിൽ നിന്ന് ഈടാക്കാൻ വീണ്ടും സർച്ചാർജ് ഉത്തരവ്. വായ്പ അനുവദിച്ചതിലൂടെ ബാങ്കിന് നഷ്ടമായ 46,97,143 രൂപ അന്നത്തെ ഭരണസമിതി അംഗങ്ങളിൽനിന്നും ജീവനക്കാരിൽനിന്നുമായി ഈടാക്കാനാണ് ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ (ജനറൽ) പുതിയ ഉത്തരവ്. സഹകരണ നിയമം 66 (1) പ്രകാരം നടത്തിയ അന്വേഷണത്തിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇപ്പോൾ സഹകരണ നിയമം 68 (2) പ്രകാരമുള്ള ഈ നടപടി.
ടി.ആർ. മനോജ് എന്ന വ്യക്തിക്ക് മതിയായ മൂല്യമില്ലാത്ത വസ്തുവിന്മേൽ നിയമവിരുദ്ധമായി വായ്പ അനുവദിച്ചതിലൂടെ ബാങ്കിന് മനഃപൂർവം നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. 2018-ൽ എടുത്ത ഈ വായ്പയിൽ നാളിതുവരെയായി യാതൊരു തിരിച്ചടവും ഉണ്ടായിട്ടില്ല. വായ്പത്തുകയായ 25 ലക്ഷം രൂപയും, പലിശയിനത്തിലെ 20 ലക്ഷവും, പിഴപ്പലിശയായ 2.5 ലക്ഷവും മറ്റു ചെലവുകളുമടങ്ങുന്നതാണ് നിലവിലെ തുക. ബാങ്കിന്റെ മുൻ സെക്രട്ടറി കെ.ടി. രമാദേവി, അന്നത്തെ പ്രഡിഡന്റ് കെ.കെ. അബ്രഹാം, മുൻ ഭരണസമിതിയംഗങ്ങളായ ടി.എസ്. കുര്യൻ, ബിന്ദു ചന്ദ്രൻ, വി.എം. പൗലോസ്, സുജാതാ ദിലീപ്, ജനാർദനൻ, സി.വി. വേലായുധൻ എന്നിവർ 5,87,143 രൂപ വീതം ഒടുക്കണമെന്നാണ് ഉത്തരവിലുള്ളത്. ഈ തുക ബാങ്കിൽ അടച്ചുതീർത്തിട്ടില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികളിലൂടെ നഷ്ടം ഈടാക്കാനും നിർദേശമുണ്ട്.
2018 ജൂലായ് 28-ന് ചേർന്ന ഭരണസമിതി യോഗത്തിലെ പത്താംനമ്പർ തീരുമാനപ്രകാരം ടി.ആർ. മനോജിന് 23.55 ലക്ഷം രൂപ അനുവദിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇതിനു വിരുദ്ധമായി ജൂലൈ 31-ന് 25 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. വായ്പ അനുവദിക്കുന്നതിനായി ബാങ്ക് ഭരണസമിതിയംഗം നടത്തിയ വാല്വേഷനിൽ ഈ ഭൂമിക്ക് 25 ലക്ഷം രൂപയാണ് മതിപ്പുവില കണക്കാക്കിയിരുന്നത്. നിലവിലെ വ്യവസ്ഥപ്രകാരം ഈടായി വെക്കുന്ന വസ്തുവിന്റെ മതിപ്പുവിലയുടെ 50 ശതമാനത്തിൽ അധികരിച്ച് വായ്പ നൽകാൻ പാടില്ലാത്തതാണ്. അതുപ്രകാരം പരമാവധി എട്ടുലക്ഷം രൂപ മാത്രം നൽകാൻ സാധിക്കുന്ന വസ്തുവിനാണ് ഭരണസമിതി തീരുമാനത്തിന് വിരുദ്ധമായി അധിക തുകയടക്കം വായ്പ നൽകി ബാങ്കിന് നഷ്ടം വരുത്തിയത്.
നേരത്തെ ബാങ്കിലെ വായ്പത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ, വായ്പാവിതരണത്തിലൂടെ നഷ്ടമായ 7.26 കോടി രൂപ മുൻ പ്രസിഡന്റ് കെ.കെ. അബ്രഹാം, മുൻ സെക്രട്ടറി കെ.ടി. രമാദേവി, മുൻ ഇന്റേണൽ ഓഡിറ്റർ പി.യു. തോമസ് എന്നിവരിൽനിന്ന് സർച്ചാർജ് ചെയ്ത് ഈടാക്കാൻ 2020-ൽ ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. ഇതിനുപുറമേ, 2023-ൽ വായ്പത്തട്ടിപ്പുകേസിൽ പ്രതികളായവരുടെ 4.34 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടുകെട്ടിയിരുന്നു.





Leave a Reply