മനുഷ്യ-വന്യജീവി സംഘർഷം: പ്രതിരോധ കൃഷിരീതികളെക്കുറിച്ചുള്ള ദ്വിദിന ശില്പശാല സമാപിച്ചു
കൽപ്പറ്റ: ജില്ലയിലെ കൃഷി ഓഫീസർമാർക്കായി സംഘടിപ്പിച്ച ‘മനുഷ്യ വന്യജീവി സംഘർഷം _ പ്രതിരോധ കൃഷിരീതികൾ- സാധ്യതകളും പ്രതീക്ഷകളും’ എന്ന വിഷയത്തിലുള്ള ദ്വിദിന ശില്പശാല കുറുവയിൽ വച്ച് സമാപിച്ചു. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ധിഖ് ഓൺലൈനായി ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. വന്യജീവി സംഘർഷ സാധ്യതകൾ ലഘൂകരിക്കുന്നതിനായി വനാതിർത്തികളിലും മറ്റുമുള്ള പ്രതിരോധ കൃഷിരീതികളെക്കുറിച്ച് അമ്പലവയൽ ആർ.എ.ആർ.എസിലെ ശ്രീരേഖ, സ്വാമിനാഥൻ ഫൗണ്ടേഷനിലെ വിപിൻ ദാസ് എന്നിവർ ക്ലാസുകൾ നയിച്ചു. വന്യജീവികളും അവയുടെ മാറുന്ന സ്വഭാവ രീതികളും എന്ന വിഷയത്തിൽ ഡോക്ടർ ഒ.വിഷ്‌ണു, ഹ്യൂം റിസർച്ച് സെൻ്ററിലെ മുനീർ തോൽപ്പെട്ടി എന്നിവരും ക്ലാസുകൾ എടുത്തു.
രണ്ടു ദിവസമായി നടന്ന ശില്പശാലയുടെ രണ്ടാം ദിവസം നടന്ന ചർച്ചകളിലും അവതരണങ്ങളിലും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഒട്ടേറെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇവയെല്ലാം ക്രോഡീകരിച്ച് ബഹുമാനപ്പെട്ട വനം വന്യജീവി വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാരുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതാണ്. പരിപാടിയിൽ വനം ഉദ്യോഗസ്ഥരായ ഉത്തരമേഖല സി.സി.എഫ് അഞ്ജൻ കുമാർ ഐ.എഫ്.എസ്, വരുൺ ഡാലിയ ഐ.എഫ്.എസ്, സന്തോഷ് കുമാർ ഐ.എഫ്.എസ്, എ.സി.എഫ് അജിത് കെ രാമൻ, ഡി.എഫ്.ഒ ആഷിക് അലി, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സീമ ബി.ജെ എന്നിവർ സന്നിഹിതരായിരുന്നു. വയനാട് ജില്ലയിലെ മുഴുവൻ കൃഷി ഓഫീസർമാരും, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരും ശില്പശാലയിൽ പങ്കെടുത്തു.





Leave a Reply