July 8, 2026

ദുരന്തത്തിന്റെ ഓർമ്മകളുണർത്തി വീണ്ടും ജൂലൈ; വിറങ്ങലിച്ച് അതിഥിത്തൊഴിലാളികൾ

0
WhatsApp Image 2026-07-08 at 11.02.29 AM
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ജൂലായും ഓഗസ്റ്റും മലയോരവാസികളുടെ ഉറക്കംകളയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മഴത്തുള്ളികൾ കനത്തുപെയ്താൽ അവർ ഉറങ്ങാതെ നേരം വെളുപ്പിക്കുകയാണ്. മലയോരത്ത് മഴ കലിതുള്ളി പെയ്തപ്പോഴൊക്കെ ഉരുൾദുരന്തം മലയിറങ്ങി വന്ന് അവർക്ക് താങ്ങാനാവാത്ത ആഘാതമേൽപ്പിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ വർഷകാലത്തെ, പ്രത്യേകിച്ച് ജൂലായ്, ഓഗസ്റ്റ് മാസങ്ങളെ അവർക്ക് ഭയമാണ്.

ചൊവ്വാഴ്ച മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മീനാക്ഷിയിലും രാവിലെമുതൽ കനത്ത മഴയാണ് പെയ്തതെന്ന് നാട്ടുകാർ പറഞ്ഞു. ഈ സമയം മേപ്പാടി, കല്പറ്റ എന്നിവിടങ്ങളിൽ മഴ കുറവായിരുന്നു. മീനാക്ഷി, കള്ളാടി, തൊള്ളായിരംകണ്ടി, കാശ്മീർ, പുത്തുമല, ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നീ പ്രദേശങ്ങളെല്ലാം മലഞ്ചരിവുകളാലും കാട്ടരുവികളാലും താഴ്വരകളാലും സമ്പന്നമായ സ്ഥലങ്ങളാണ്. വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഈ മലയോരങ്ങളിൽ വസിക്കുന്നവർക്ക് പക്ഷേ, മഴക്കാലമായാൽ നെഞ്ചിടിപ്പ് കൂടും.

തുരങ്കമുഖത്തുനിന്ന് മാറ്റിയ മണ്ണ് കുന്നുപോലെ പദ്ധതിസ്ഥലത്ത് ശേഖരിച്ചുവെച്ചിരിക്കുന്നതിൽ നാട്ടുകാർ നേരത്തേതന്നെ ആശങ്ക അറിയിച്ചിരുന്നു. അവരുടെ ആശങ്ക ശരിയായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു ചൊവ്വാഴ്ചയുണ്ടായ ദുരന്തം. തുരങ്കമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മൺകൂനകൾ മഴയിൽ താഴേക്ക് പതിച്ചാൽ ഇതിലും വലിയ ദുരന്തങ്ങൾ ആവർത്തിക്കാൻ ഇടയുണ്ടെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നത്. കള്ളാടിയിലും തൊള്ളായിരംകണ്ടിയിലും അനധികൃതമായി നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ തടഞ്ഞില്ലെങ്കിൽ നാടിനെ കാത്തിരിക്കുന്നത് താങ്ങാൻ കഴിയാത്ത ദുരന്തമായിരിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *