പൂഴിത്തോട്–പടിഞ്ഞാറത്തറ പാത; വയനാടിന്റെ ബദൽ പ്രതീക്ഷ
കൽപ്പറ്റ: വയനാട് നേരിടുന്ന ഏറ്റവും വലിയ യാത്രാപ്രശ്നങ്ങളിൽ ഒന്നാണ് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കും, കാലവർഷക്കാലത്തുണ്ടാകുന്ന മണ്ണൊലിപ്പും ഉരുൾപൊട്ടൽ ഭീഷണികളും. ഇതിനൊരു ശാശ്വത പരിഹാരമായി വീണ്ടും ശ്രദ്ധ നേടുകയാണ് പൂഴിത്തോട്–പടിഞ്ഞാറത്തറ ബദൽപാത. മറ്റ് നിർദേശിക്കപ്പെട്ട ബദൽ പാതകളെ അപേക്ഷിച്ച് കുറഞ്ഞ നിർമ്മാണച്ചെലവും പരിസ്ഥിതി ആഘാതവും സുരക്ഷയും ഈ പാതയുടെ പ്രധാന പ്രത്യേകതകളാണെന്ന് വിലയിരുത്തപ്പെടുന്നു.
വനത്താലും മലകളാലും ചുറ്റപ്പെട്ട വയനാടിന്റെ സ്വപ്ന പദ്ധതിയാണ് പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ പാത. മല തുരക്കാതെയും ആയിരക്കണക്കിന് കോടികൾ പൊടിക്കാതെയും യാഥാർഥ്യമാക്കാവുന്ന ചുരമില്ലാ പാത. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോടിനെയും വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത. രണ്ട് ജില്ലകളെയും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. കുത്തനെയുള്ള കയറ്റങ്ങളോ അപകടം നിറഞ്ഞ വൻ വളവുകളോ (ഹെയർപിൻ വളവുകൾ) ഈ പാതയിൽ കുറവാണ്. ഈ പാത കടന്നുപോകുന്ന വഴികളിൽ വലിയൊരു ഭാഗം പണ്ട് മുതൽക്കേ നിലവിലുള്ള തോട്ടം റോഡുകളും കാട്ടുപാതകളുമാണ്. അതിനാൽ വലിയ രീതിയിൽ മലയിടിച്ചിലോ പുതിയ റോഡ് നിർമ്മാണമോ ഇതിന് ആവശ്യമില്ല. ഇത് നിർമ്മാണച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായകരമാകും.
പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയല്ല ഈ പാത കടന്നുപോകുന്നത്. വൻതോതിൽ പാറ പൊട്ടിക്കലോ മണ്ണുമാറ്റലോ ആവശ്യമില്ലാത്തതിനാൽ പ്രകൃതിക്ഷോഭങ്ങൾക്കുള്ള സാധ്യതയും വളരെ കുറവ്. താമരശ്ശേരി ചുരത്തെ അപേക്ഷിച്ച് ഈ മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കാലവർഷക്കാലത്ത് ചുരം അടക്കേണ്ടി വരുമ്പോൾ വിശ്വസിക്കാവുന്ന മികച്ചൊരു ആശ്രയമായിരിക്കും ഇത്. ഈ പാത യാഥാർത്ഥ്യമാക്കാൻ ചുരുങ്ങിയ അളവിൽ മാത്രമാണ് വനഭൂമി ആവശ്യമായി വരുന്നത്. വനം മന്ത്രാലയത്തിന്റെ അനുമതികൾ താരതമ്യേന എളുപ്പത്തിൽ ലഭിക്കാവുന്ന ഘടനയാണിതിനുള്ളത്.
വയനാടിന്റെ സ്വപ്ന പദ്ധതിക്കായുള്ള സർവ്വേ നടപടികൾ നേരത്തെ പുനരാരംഭിച്ചിരുന്നു. മൂന്നു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും കേന്ദ്രത്തിൽ യുപിഎയും എൻഡിഎയും മാറിമാറി ഭരിച്ചെങ്കിലും ഒരു ജനതയുടെ ജീവൻ പ്രശ്നത്തിന് ഒരു നീക്കുപോക്കും ഉണ്ടായില്ല. അതുകൊണ്ടുതന്നെ പുതിയ സർവ്വേ നടപടികൾ പ്രതീക്ഷ പകരുമ്പോഴും പദ്ധതി പൂർത്തീകരിക്കപ്പെടുമോ എന്ന കാര്യത്തിൽ ആളുകൾക്കിടയിൽ ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്
ബദൽപാത എന്നതിന് ഉപരി, ഒരുപാട് വികസന സാധ്യതകളും ഈ പാത യാഥാർത്ഥ്യമാകുമ്പോൾ ഉറപ്പ് നൽകുന്നു. പടിഞ്ഞാറത്തറയിലെ ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തേക്കാണ് ഈ റോഡ് എത്തിച്ചേരുന്നത്. ഇത് ഇരു ജില്ലകളിലെയും ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകും. കൽപറ്റ, മാനന്തവാടി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വടക്കൻ മലബാറിലുള്ളവർക്ക് വയനാട്ടിലേക്കുള്ള യാത്ര സുഗമമാക്കാനും ഈ പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയ്ക്ക് സാധിക്കും. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ യാത്രാക്ലേശ പരിഹാരവും ഒരേപോലെ മുൻനിർത്തി നടപ്പിലാക്കാൻ കഴിയുന്ന ഏറ്റവും പ്രായോഗികമായ ബദൽ പാതയാണിത്.





Leave a Reply