മീനങ്ങാടി കുടുംബശ്രീയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: വ്യാജ റസീപ്റ്റുകൾ നൽകി ഫണ്ട് തട്ടിയതായി ഓഡിറ്റിൽ കണ്ടെത്തൽ; പോലീസ് കേസെടുത്തു
മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസിൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് നൽകിയ വായ്പകളുടെ തിരിച്ചടവ് തുക വ്യാജ റസീപ്റ്റുകൾ നൽകി തട്ടിയെടുക്കുകയായിരുന്നു. പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ സംഘാംഗങ്ങളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തങ്ങൾ അടച്ച പണം ബാങ്കിലെത്തിയിട്ടില്ലെന്നും കബളിപ്പിക്കപ്പെടുകയായിരുന്നു എന്നും പലരും അറിയുന്നത്. ഫെബ്രുവരി രണ്ടാം തീയതി പണം തിരിച്ചടച്ചതിന്റെ റസീപ്റ്റുമായി ‘ഹാപ്പി കിഡ്സ്’ എന്ന സ്ഥാപനം നടത്തുന്ന സംരംഭക കുടുംബശ്രീ ഓഫീസിൽ എത്തിയത് വലിയ ഒച്ചപ്പാടുകൾക്ക് ഇടയാക്കിയിരുന്നു. പരിശോധനയിൽ ക്രമക്കേട് പിടിക്കപ്പെട്ടു എന്ന് ബോധ്യമായതോടെ, ഇതിനോടകം അഞ്ചിലധികം സംഘങ്ങളുടെ പണം തിരിച്ചടച്ച് പുതിയ റസീപ്റ്റുകൾ നൽകി വരികയാണ്. മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന അഴിമതികൾ ഒതുക്കിത്തീർക്കാൻ പുതിയ ഭരണസമിതിയും കൂട്ടുനിൽക്കുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
റസീപ്റ്റ് ബുക്കുകളിൽ കൃത്രിമം കാണിച്ചും വ്യാജ റസീപ്റ്റ് ബുക്കുകൾ അടിച്ചും പണം തട്ടിച്ച സംഭവത്തിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് മീനങ്ങാടി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2021-22 സാമ്പത്തിക വർഷത്തെ 197-ാം നമ്പർ ഒരു റസീപ്റ്റ് ബുക്കിൽ നിന്നുമാത്രം രണ്ടു ലക്ഷം രൂപ ഓഫീസിൽ അടയ്ക്കാതെ വിശ്വാസവഞ്ചന നടത്തിയതായും, പ്രതി കൂടുതൽ വ്യാജ റസീപ്റ്റ് ബുക്കുകൾ നിർമ്മിച്ച് വൻ തുക തട്ടിയെടുത്തതായും പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമേ സ്നേഹനിധി, ഇൻഷുറൻസ്, റിവോൾവിംഗ് ഫണ്ട്, അംഗങ്ങൾക്ക് നൽകുന്ന ഗ്രാന്റ്, ജെ.എൽ.ജി വായ്പകളുടെ തിരിച്ചടവ് എന്നിവയിലും ലക്ഷങ്ങളുടെ തിരിമറി നടന്നിട്ടുള്ളതായി സംശയിക്കുന്നുണ്ട്. സമഗ്രമായ ഓഡിറ്റ് പൂർത്തിയാകുന്നതോടെ മാത്രമേ തട്ടിപ്പിന്റെ യഥാർത്ഥ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.





Leave a Reply