August 5, 2026

റവന്യു പട്ടയഭൂമികളിലെ അനധികൃത മരംമുറി: പിഴ ഈടാക്കുന്നതിലെ അലംഭാവത്തിനെതിരെ പരാതി

0
IMG_20260805_105145
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിന്റെ പിന്‍ബലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയഭൂമികളില്‍നിന്ന് അനധികൃതമായി ഈട്ടി, തേക്ക് മരങ്ങള്‍ മുറിച്ചവര്‍ക്ക് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരം ചുമത്തിയ പിഴ ഈടാക്കുന്നതിലെ അലംഭാവത്തില്‍ പരാതിയുമായി പൊതുപ്രവര്‍ത്തകന്‍. വയനാട് മേപ്പാടി നെടുമ്പാല പോത്തംപാടം പി.കെ. മുരളീധരനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍, റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്ക് പരാതി അയച്ചത്.

റവന്യു പട്ടയഭൂമികളില്‍ നിയമാനുസൃതം സംരക്ഷിച്ചുവന്ന മരങ്ങള്‍ മുറിച്ചതുമൂലം പൊതു ഖജനാവിനുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ബന്ധപ്പെട്ടവരില്‍നിന്നു വസൂല്‍ ചെയ്യാന്‍ കഴിയാത്തത് ഉദ്യോഗസ്ഥതലത്തിലെ വീഴ്ചമൂലമാണ്. ചുമത്തിയ പിഴ ഈടാക്കുന്നതിനും അനധികൃതമായി മുറിച്ച മുഴുവന്‍ മരങ്ങളും കണ്ടുകെട്ടുന്നതിനും സത്വര നടപടി ഉണ്ടാകണം.

വയനാട്ടില്‍ കെഎല്‍സി നിയമ പ്രകാരം നടപടിയെടുത്ത 60 കേസുകളില്‍ 37 എണ്ണത്തില്‍ 8.29 കോടി രൂപ പിഴ വിധിച്ചതായി 2023ല്‍ റവന്യു അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തീര്‍പ്പ് കല്‍പ്പിക്കാത്ത 23 കേസുകള്‍ ഇനിയുമുണ്ട്. പിഴയില്‍ ഒരു രൂപപോലും ഇതുവരെ വസൂലാക്കാന്‍ സാധി്ച്ചില്ല. 2021 ഫെബ്രുവരിയില്‍ ആരംഭിച്ച കെഎല്‍സി നടപടികള്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും നീണ്ടുപോകുന്നതിനും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനും കാരണം റവന്യു വകുപ്പ് വ്യക്തമാക്കണം.

നിയമവിരുദ്ധ മരംമുറി സ്വതന്ത്ര ഏജന്‍സിയോ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലോ അന്വേഷിക്കുന്നതിന് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സംസ്ഥാന പൊലീസ്, വനം മേധാവികളും അഡ്വ.ജനറലും ബോധിപ്പിച്ച കാര്യങ്ങളില്‍ വിശദമായ പരിശോധന ആവശ്യമാണ്.

വനം വകുപ്പിന്റെ കണക്ക് പ്രകാരം, വയനാട്ടില്‍ മാത്രം അനധികൃതമായി മുറിച്ചതില്‍ ഏകദേശം 15 കോടി രൂപ വില മതിക്കുന്ന ഈട്ടിത്തടികളാണ് 2021 ജൂണില്‍ കസ്റ്റഡിയില്‍ എടുത്ത് കുപ്പാടിയിലെ വനം ഡിപ്പോയിലേക്ക് മാറ്റിയത്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 49 ഒആര്‍ കേസുകളിലാണ്

തടികള്‍ ബന്തവസിലെടുത്തത്. ഡിപ്പോയില്‍ മരത്തടികള്‍ എത്തിച്ചിട്ട് അഞ്ചുവര്‍ഷം പിന്നിടുകയാണ്. മഴയും വെയിലുമേറ്റ് തടികളുടെ മാര്‍ക്കറ്റ് മൂല്യം ഗണ്യമായി കുറഞ്ഞു. ജില്ലാ കോടതി 2023 ഡിസംബര്‍ ആറിന് ഉത്തരവായിട്ടും തടികളുടെ സംരക്ഷണത്തിന് വനം വകുപ്പ് നടപടി സ്വീകരിക്കാതിരുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. തടികളുടെ മൂല്യം നശിച്ചതുമൂലം ഖജനാവിനുണ്ടായ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നു ഈടാക്കണം.

റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിക്കുന്നതാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവ്. ട്രീ ഗ്രോത്ത് ആക്ടിന്റെ ആറാം വകുപ്പിലെ പ്രോവൈസോയില്‍ പറയുന്ന ഭാഗം ഒഴിവാക്കിയാണ് ഈ ഉത്തരവ് ഇറങ്ങിയത്. ഇതിന്റെ കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ആരായണം. മരങ്ങള്‍ മുറിക്കുന്നത് തടസപ്പെടുത്തുന്ന രീതിയില്‍ ഉത്തരവുകള്‍ പാസാക്കുന്നതോ നേരിട്ട് തടസപ്പെടുത്തുന്നതോ ഗുരുത കൃത്യവിലോപമായി കണക്കാക്കി ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ ചേര്‍ത്തതിന്റെ ലക്ഷ്യവും ചോദിച്ച് മനസിലാക്കണം.

മരംമുറി അനുവദിക്കുന്നതിന് ലാന്‍ഡ് അസൈന്‍മെന്റ് റൂളില്‍ ഭേദഗതി വരുത്തി 2017 ഓഗസ്റ്റ് 17ന് പുറപ്പെടുവിച്ച പരിപത്രവും 2020 ഒക്ടോബര്‍ 24ലെ ഉത്തരവും പിന്നീട് റദ്ദാക്കിയത് ശ്രദ്ധേയമാണ്. നിലവിലെ ചട്ടങ്ങള്‍ മറികടന്നു സര്‍ക്കാര്‍ ഇറക്കുന്ന പരിപത്രത്തിനും ഉത്തരവിനും നിയമ സാധതുതയില്ലെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും നേരത്തേ ഉത്തരവായതാണ്. എന്നിരിക്കേ പുറപ്പെടുവിച്ച പരിപത്രം നിയമാനുസൃതമായിരുന്നില്ല. പരിപത്രത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് എല്ലാ ജില്ലാ കളക്ടര്‍മാരെയും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചിരുന്നതാണ്.

പട്ടയ പരിശോധനയിലൂടെയും നിയമലംഘനമില്ലെന്ന് ഉറപ്പ്‌വരുത്തിയുമാണ് മരങ്ങള്‍ മുറിക്കേണ്ടതെന്ന് സ്വാകര്യ ഹര്‍ജി തീര്‍പ്പാക്കി 2020 ഓഗസ്റ്റ് 21ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നല്‍ മരം മുറി അനുവദിച്ച് പുറപ്പെടുവിച്ച പരിപത്രത്തില്‍ സ്പഷ്ടീകരണത്തിന് 2020 സെപ്റ്റംബര്‍ മൂന്നിന് വയനാട് ജില്ലാ കളക്ടര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച് കത്തില്‍ ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നില്ല. 2020 ഒക്ടോബര്‍ 24ലെ ഉത്തവും ഹൈക്കോടതി വിധിയെക്കുറിച്ച് സൂചന ഇല്ലാതെയാണ് ഇറങ്ങിയതെന്നും പരാതിയില്‍ പറയുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *