ഉഷ വിജയൻ എം.എൽ.എയുടെ മകൻ അഭയ് കൃഷ്ണ ഇനി നാടിന്റെ കമാൻഡോ; അഭിമാന നിമിഷത്തിൽ കുടുംബവും
മാനന്തവാടി: മാനന്തവാടി എം.എൽ.എ ഉഷ വിജയന്റെ മകൻ അഭയ് കൃഷ്ണ കെ. വിജയൻ ഇന്ത്യ റിസർവ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കി സംസ്ഥാന പൊലീസിന്റെ ഭാഗമായി. മലപ്പുറം പാണ്ടിക്കാട് നടന്ന സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ മകന്റെ ചടങ്ങ് കാണാൻ എം.എൽ.എ അപ്രതീക്ഷിത വിശിഷ്ടാതിഥിയായി എത്തിയത് ഏറെ ശ്രദ്ധേയമായി. ബിരുദപഠനത്തിനു ശേഷം എഴുതിയ ആദ്യ പി.എസ്.സി പരീക്ഷയിൽ തന്നെയാണ് അഭയ് പൊലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പൊലീസിൽ ചേരണമെന്ന മകന്റെ ആഗ്രഹത്തിന് കുടുംബം പൂർണ്ണ പിന്തുണ നൽകുകയായിരുന്നു. മകൻ സംസ്ഥാന പൊലീസിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനം നൽകുന്ന നിമിഷമാണെന്ന് ഉഷ വിജയൻ എം.എൽ.എ പ്രതികരിച്ചു. ഭർത്താവ് വിജയൻ, മകൻ വിവേകാനന്ദ്, അമ്മ ശാന്ത, മറ്റ് ബന്ധുക്കൾ എന്നിവരും പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു.





Leave a Reply