മെന്റർ ടീച്ചർ നിയമനം വൈകുന്നത് ആദിവാസി വിദ്യാർത്ഥികളോടുള്ള സർക്കാർ അവഗണനയുടെ തെളിവ്; റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിച്ച് നിയമനം പൂർത്തിയാക്കണം – യങ് ഡെമോക്രാറ്റ്സ്
കൽപ്പറ്റ: വയനാട് ജില്ലയിലെ സർക്കാർ, എയ്ഡഡ് എൽ.പി. സ്കൂളുകളിലെ മെന്റർ ടീച്ചർ നിയമനം അടിയന്തരമായി പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.
സ്കൂൾ തുറന്ന് രണ്ട് മാസം പിന്നിട്ടിട്ടും പരീക്ഷയും ഇന്റർവ്യൂവും പൂർത്തിയായ മെന്റർ ടീച്ചർ നിയമനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണ്.
ഏകദേശം 241 ഒഴിവുകൾ നികത്താതെ തുടരുന്നത് അതിദുർബല ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തോടുള്ള അനീതിയാണ്.
അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, വെട്ടുകുറുമ തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികൾക്ക് മാതൃഭാഷയിലും സാംസ്കാരിക പശ്ചാത്തലത്തിലും പഠനപിന്തുണ നൽകുന്നതിനാണ് മെന്റർ ടീച്ചർമാരെ നിയമിക്കുന്നത്. നിയമനം വൈകുന്നതോടെ സ്കൂളിൽ ആദ്യമായി എത്തുന്ന നിരവധി കുട്ടികൾക്ക് ആവശ്യമായ പിന്തുണ ലഭിക്കാതെ വിദ്യാഭ്യാസത്തിൽ നിന്ന് അകന്നുപോകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്.
റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിച്ച് മുഴുവൻ ഒഴിവുകളിലും അടിയന്തരമായി നിയമനം നടത്താൻ സർക്കാർ തയ്യാറാകണമെന്നും ഇനിയും കാലതാമസം തുടരുകയാണെങ്കിൽ ശക്തമായ ജനകീയ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.





Leave a Reply