‘ഓപ്പറേഷൻ തൂഫാൻ 2.0’ രണ്ടാം ഘട്ടത്തിന് ജില്ലയിൽ ആവേശകരമായ തുടക്കം
കൽപ്പറ്റ: സംസ്ഥാനത്ത് നിന്ന് ലഹരിയെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഓപ്പറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ടത്തിന് വയനാട് ജില്ലയിലും ആവേശകരമായ തുടക്കമായി. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ ജനകീയ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചത്. തൂഫാൻ ഫ്ളാഗ് ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, ബോധവത്കരണ ക്ലാസുകൾ, സിഗ്നേച്ചർ ക്യാമ്പയിൻ, കിക്ക് ഓഫ് തുടങ്ങിയവ വിവിധയിടങ്ങളിൽ നടന്നു. ഓരോ വാർഡിലും സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി തൂഫാൻ വാരിയേഴ്സിനെ കണ്ടെത്തി തൂഫാൻ ബാഡ്ജുകൾ വിതരണം ചെയ്തു.
കൽപ്പറ്റ നഗരസഭയിൽ നടന്ന നഗരസഭാതല ഉദ്ഘാടനം രാവിലെ 11-ന് നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ എസ്. സൗമ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് മുഖ്യാതിഥിയായി പങ്കെടുത്ത് തൂഫാൻ വാരിയേർസ് ബാഡ്ജ് വിതരണം നടത്തി. കൽപ്പറ്റ ഐ.പി. എ.യു. ജയപ്രകാശ് പദ്ധതി വിശദീകരണവും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും നിർവഹിച്ചു. കൽപ്പറ്റ ഡിവൈ.എസ്.പി ടി.എ അഗസ്റ്റിൻ, നാർകോട്ടിക്ക് സെൽ ഡി.വൈ.എസ്.പി എം.പി രാജേഷ്, നഗരസഭ സെക്രട്ടറി ദീപു രാജു, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥർ, എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ, അധ്യാപകർ, നഗരസഭാ ജീവനക്കാർ, സാമൂഹ്യ-രാഷ്ട്രീയ രംഗത്തുള്ളവർ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ലഹരിമരുന്നുകളുടെ വിതരണ ശൃംഖലകളും ഉറവിടങ്ങളും പൂർണ്ണമായും തകർക്കുന്നതിനൊപ്പം, സമൂഹത്തിൽ കൃത്യമായ ബോധവൽക്കരണം ഉറപ്പാക്കുന്നതിനും വലിയ പ്രാധാന്യമാണ് ഈ പുതിയ ഘട്ടത്തിൽ നൽകുന്നത്. ലഹരിക്കടത്തോ, ഉപയോഗമോ, വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതാണ്. വാട്സ്ആപ്പ് നമ്പർ: 9995966666, ഫോൺ നമ്പറുകൾ: 9497979794, 9497927797.





Leave a Reply