ഭീമൻ ട്രാൻസ്ഫോർമർ റോഡ് മാർഗം കണിയാമ്പറ്റയിലേക്ക്; ഗതാഗത-വൈദ്യുതി തടസ്സത്തിന് സാധ്യത
കൽപ്പറ്റ: കണിയാമ്പറ്റ 220 കെ.വി. സബ്‌സ്റ്റേഷനിലേക്ക് 100 എം.വി.എ. ശേഷിയുള്ള ഭീമൻ ട്രാൻസ്ഫോർമർ റോഡ് മാർഗം എത്തിക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ 30) വിവിധയിടങ്ങളിൽ ഗതാഗത തടസ്സത്തിനും താൽക്കാലിക വൈദ്യുതി തടസ്സത്തിനും സാധ്യത. കണിയാമ്പറ്റ 220/66 കെ.വി. സബ്‌സ്റ്റേഷനെ 220/110 കെ.വി. സംവിധാനത്തിലേക്ക് ഉയർത്തുന്നതിന്റെയും നവീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് 100 എം.വി.എ. ശേഷിയുള്ള ട്രാൻസ്ഫോർമർ എത്തിക്കുന്നത്. പ്രത്യേക വാഹനത്തിൽ കൊണ്ടുവരുന്ന ട്രാൻസ്ഫോർമർ മുത്തങ്ങ – ബത്തേരി – മീനങ്ങാടി – പച്ചിലക്കാട് – കണിയാമ്പറ്റ റൂട്ടിലൂടെയാണ് എത്തിക്കുന്നത്.
ട്രാൻസ്ഫോർമറിന്റെ വലിപ്പവും ഭാരവും കണക്കിലെടുത്ത് യാത്രാമധ്യേ ചിലയിടങ്ങളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും. റോഡിന്റെ വീതിയും വൈദ്യുതി ലൈനുകളുടെ സുരക്ഷയും പരിഗണിച്ചായിരിക്കും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുക.
ട്രാൻസ്ഫോർമർ കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ ചില പ്രദേശങ്ങളിൽ താൽക്കാലിക വൈദ്യുതി നിയന്ത്രണത്തിനും തടസ്സത്തിനും സാധ്യതയുണ്ട്.
ട്രാൻസ്ഫോർമറിന്റെ സുരക്ഷിതമായ ഗതാഗതത്തിനായി ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളോടും വൈദ്യുതി നിയന്ത്രണങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. യാത്രക്കാർ സാധ്യമായിടത്ത് യാത്രാ സമയം ക്രമീകരിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.





Leave a Reply