ക്വാറികൾക്ക് അനുമതി നൽകുന്നത് അപലപനീയമെന്ന് സിപിഐ(എം) മുള്ളൻകൊല്ലി ലോക്കൽ സെക്രട്ടറി സി.പി. വിൻസന്റ്
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ ഏഴോളം ക്വാറികൾക്ക് പുതിയതായി അനുമതി നൽകാനുള്ള പഞ്ചായത്തിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ.(എം) മുള്ളൻകൊല്ലി ലോക്കൽ സെക്രട്ടറി സി.പി. വിൻസന്റ്. കാലാവസ്ഥാ വ്യതിയാനവും മഴയുടെ കുറവും മൂലം പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കടുത്ത വരൾച്ച അനുഭവപ്പെടുന്ന സാഹചര്യത്തിൽ ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാഹചര്യം മുൻകൂട്ടിക്കണ്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നുവെന്നും വിൻസന്റ് പറഞ്ഞു. എന്നാൽ നിലവിൽ ക്വാറി ഉടമകളുടെ നീക്കങ്ങൾക്ക് മുന്നിൽ ജില്ലാ ഭരണകൂടം പോലും കാഴ്ചക്കാരായി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉന്നത ഭരണനേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്നാണോ ഇത്തരം നീക്കങ്ങളെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും വിൻസന്റ് പറഞ്ഞു.
നല്ല മഴ ലഭിക്കേണ്ട ഈ സമയത്ത് കുടിവെള്ളത്തിനു പോലും രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന സന്ദർഭത്തിൽ പഞ്ചയത്തിന്റെ നിസംഗത മൂലമാണ് കോടതി അനുമതിയുമായി കോറി മാഫിയ രംഗത്ത് വരുന്നത്. ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് സി.പി.ഐ.(എം) നേതൃത്വം നൽകുമെന്നും സി.പി. വിൻസന്റ് അറിയിച്ചു.





Leave a Reply