മയക്കുവെടിവെച്ച് പിടികൂടിയ കെ.എം-1 കാട്ടാനയെ മുത്തങ്ങയിലെത്തിച്ചു
മുത്തങ്ങ: ആറളത്ത് മയക്കുവെടിവെച്ച് പിടികൂടിയ കെ.എം-1 (വലിയ മോഴ) കാട്ടാനയെ മുത്തങ്ങ ആനക്ക്യാമ്പിൽ സുരക്ഷിതമായി എത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ 4.30ഓടെയാണ് ആനയെ വഹിച്ചുകൊണ്ടുള്ള വാഹനം മുത്തങ്ങയിലെത്തിയത്.
മുത്തങ്ങയിലെത്തിച്ച ഉടൻ വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ആനയ്ക്ക് പ്രാഥമിക ചികിത്സയും ആവശ്യമായ മരുന്നുകളും നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം രാവിലെ 6.30ഓടെ ആനയെ മുത്തങ്ങയിൽ പ്രത്യേകം സജ്ജീകരിച്ച ക്രാളിലേക്ക് (ആനക്കൂട്) സുരക്ഷിതമായി മാറ്റി.
ആറളത്ത് മയക്കുവെടിവെച്ച സമയത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ ആനയുടെ ഇടത് കണ്ണിന് കാഴ്ചക്കുറവുള്ളതായി കണ്ടെത്തിയിരുന്നു. തുമ്പിക്കൈയിലും വലത് മുൻകാലിലും പഴയ മുറിവുകളുള്ളതായും പരിശോധനയിൽ കണ്ടെത്തി.
മുറിവുകൾ ഭേദമാക്കുന്നതിനുള്ള വിദഗ്ധ ചികിത്സ വരും ദിവസങ്ങളിൽ ക്രാളിൽ തുടരും. ആന നിലവിൽ വെറ്ററിനറി സംഘത്തിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നിരീക്ഷണത്തിലാണ്.





Leave a Reply