വെള്ളമുണ്ടയിൽ അധ്യാപകർക്കായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം സംഘടിപ്പിച്ചു
വെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ അധ്യാപകർക്കായി ‘എലിവേറ്റ് 26’ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം സംഘടിപ്പിച്ചു. കൊമ്മയാട് സെൻ്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ വെച്ചാണ് പരിശീലന പരിപാടി നടന്നത്. പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് സുഗമമായി ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള ശേഷി ലഭ്യമാക്കുന്നതിനായി അധ്യാപകരെ ശാക്തീകരിക്കാൻ സഹായകമാകും വിധത്തിലാണ് പരിപാടി ചിട്ടപ്പെടുത്തിയത്. ജിൻസ് ദേവസ്യ, ലിനീഷ് വി എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കമർ ലൈല ടി എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ലതിക എം അധ്യക്ഷത വഹിച്ചു. മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ സുനിൽകുമാർ എം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ റംല മുഹമ്മദ്, സുമയ്യ ചാത്തോത്ത് എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ ഇമ്പ്ലിമെൻ്റിംഗ് ഓഫീസർ എ എൽ സെബാസ്റ്റ്യൻ സ്വാഗതവും പ്രധാനാധ്യാപകൻ സജി ജോൺ നന്ദിയും പറഞ്ഞു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറിലേറെ അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.




Leave a Reply