November 13, 2026

ഏകദിന സൗജന്യ വസ്ത്രാലയം സംഘടിപ്പിച്ചു

0
IMG-20261113-WA0066
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പിണങ്ങോട് പീസ് വില്ലേജിന്റെയും വെണ്ണിയോട് ഇന്ദിരാഗാന്ധി ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന സൗജന്യ വസ്ത്രാലയം സംഘടിപ്പിച്ചു. ഇ.കെ. നായനാർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ, ആരോഗ്യ മേഖലകളിൽ പീസ് വില്ലേജ് നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറെ സഹായകരമാണെന്നും പ്രത്യേകിച്ച് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്ന വേറിട്ട പദ്ധതിയാണ് പീസ് വില്ലേജിന്റെ ഡ്രസ് ബാങ്കെന്നും അവർ അഭിപ്രായപ്പെട്ടു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിനായി കഴിഞ്ഞ അഞ്ച് വർഷമായി പീസ് വില്ലേജിലെ ഡ്രസ് ബാങ്ക് പ്രവർത്തിച്ചുവരുന്നു. പ്രൈസ് ടാഗും കാഷ് കൗണ്ടറും ഇല്ലാത്ത ഒരു റെഡിമെയ്ഡ് ഷോപ്പാണ് പീസ് വില്ലേജിലെ ഡ്രസ് ബാങ്ക്. കടകളിൽ നിന്നും വീടുകളിൽ നിന്നും നല്ല വസ്ത്രങ്ങൾ ശേഖരിച്ച് സാമ്പത്തികമായി പ്രയാസപ്പെടുന്നവർക്ക് സൗജന്യമായി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഒരിക്കൽ ഉപയോഗിച്ച വിവാഹവസ്ത്രങ്ങൾ, കടകളിൽ വിൽക്കാതെ അവശേഷിക്കുന്ന പുതുവസ്ത്രങ്ങൾ, പുതുമ നഷ്ടപ്പെടാത്ത പഴയ വസ്ത്രങ്ങൾ എന്നിവയാണ് ഡ്രസ് ബാങ്കിൽ ശേഖരിക്കുന്നത്. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം എത്തി ഇഷ്ടമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഡ്രസ് ബാങ്കിന്റെ പ്രവർത്തനങ്ങളും സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വസ്ത്രങ്ങൾ ഇവിടെ ലഭ്യമാണ്. വയനാട് ജില്ലയിലെ ആശാ വർക്കർമാർ, പാലിയേറ്റീവ് പ്രവർത്തകർ, വാർഡ് മെമ്പർമാർ തുടങ്ങിയവരുടെ സഹായത്തോടെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചാണ് വസ്ത്രങ്ങൾ വിതരണം ചെയ്യുന്നത്.ദൂരസ്ഥലങ്ങളിൽ നിന്ന് പീസ് വില്ലേജിലെത്തി വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ കഴിയാത്തവർക്കായി പഞ്ചായത്ത് തലങ്ങളിൽ ഏകദിന സൗജന്യ വസ്ത്രാലയങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കോട്ടത്തറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി എണ്ണൂറിലധികം പേർ പങ്കെടുത്തു.ഇന്ദിരാജി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.ഇ. വിനോജ് അധ്യക്ഷത വഹിച്ചു. പീസ് വില്ലേജ് ജനറൽ മാനേജർ ഷാക്കിർ മൂസ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ പി.പി. രനീഷ്, ഇ.ആർ. പുഷ്പ, ജെനിമോൾ എം.ജി., സാമൂഹിക പ്രവർത്തകരായ ഗഫൂർ വെണ്ണിയോട് , ഡി.സി. തങ്കച്ചൻ കെ.കെ. മമ്മൂട്ടി, ഇന്ദിരാജി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ആന്റണി പാറയിൽ, പി.എൽ. ജോസ്, ബേബി പുന്നക്കൻ, പീസ് വില്ലേജ് പി.ആർ. മാനേജർ കെസിയ മരിയ, എച്ച്.ആർ. മാനേജർ അനീഷ കെ., സ്റ്റാഫ് പ്രതിനിധികളായ മുഹമ്മദലി മാസ്റ്റർ, ശംസുദ്ദീൻ, ജവാദ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *