വ്യാപാരി സൊസൈറ്റി മാറ്റാനുള്ള നീക്കത്തിനെതിരെ പുൽപ്പള്ളിയിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ
പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി സഹകരണ സൊസൈറ്റി, നിലവിലെ വ്യാപാര ഭവൻ കെട്ടിടത്തിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാനുള്ള ഭരണസമിതി നീക്കത്തിനെതിരെ വ്യാപാരികൾ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പുൽപ്പള്ളി യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സൊസൈറ്റിക്ക് സമീപമായിരുന്നു സമരം. 1997-ൽ രൂപീകരിച്ച സൊസൈറ്റി, സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച വ്യാപാര ഭവൻ കെട്ടിടത്തിൽ നാമമാത്രമായ വാടകയ്ക്കാണ് നിലവിൽ പ്രവർത്തിക്കുന്നത്. എന്നാൽ മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ നേരത്തെ ഒരു ദേശസാൽകൃത ബാങ്ക് ഒഴിഞ്ഞുപോയ ടൗണിലെ മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് സൊസൈറ്റി മാറ്റാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. വിഷയത്തിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കും മേലധികാരികൾക്കും മെമ്പർമാർ പരാതി നൽകിയിട്ടുണ്ട്. പുൽപ്പള്ളിയിലെ അറുന്നൂറോളം വ്യാപാരികളുടെ സ്വപ്നമായ സൊസൈറ്റിയെ വ്യാപാര ഭവനിൽ നിന്നും അടർത്തി മാറ്റാനുള്ള നീക്കത്തിൽ നിന്നും ഭരണസമിതി പിന്മാറണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ ആവശ്യപ്പെട്ടു. ഇപ്പോഴത്തേത് സൂചനാ സമരം മാത്രമാണെന്നും നീക്കവുമായി മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യൂണിറ്റ് പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. അജിമോൻ കെ.എസ്, ഷാജിമോൻ, കെ.വി. റഫീഖ്, സൊസൈറ്റി ഭരണസമിതി അംഗം സോഫിയ ഫ്രാൻസിസ്, വനിതാ വിംഗ് പ്രസിഡന്റ് അംബിക ശിവൻ, യൂത്ത് വിംഗ് പ്രസിഡന്റ് ബാബു രാജേഷ് എന്നിവർ സംസാരിച്ചു. കെ. ജോസഫ്, പി.എം. പൈലി, പ്രസന്നകുമാർ, വേണുഗോപാൽ, സജി വർഗീസ്, ബാബു മാക്കിയിൽ, സലീൽ പൗലോസ്, പ്രഭാകരൻ, ശിവദാസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.




Leave a Reply