അമ്പലവയലിൽ വൻ ലഹരിവേട്ട: 104.2 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ പിടിയിൽ
അമ്പലവയൽ: അമ്പലവയൽ എടക്കലിലെ ഹോളിഡേ ഹോംസ് ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിൽ 104.2 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ പിടിയിലായി. ലോഡ്ജ് നടത്തിപ്പുകാരായ പാലക്കാട് സ്വദേശി അക്ബർ, കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് റിഷാദ്, ഷഫീക്ക്, പടിഞ്ഞാറത്തറ സ്വദേശിനി മുംതാസ്, മടക്കിമല സ്വദേശി വിവേക് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ടോടെയായിരുന്നു പരിശോധന. മാസങ്ങൾക്ക് മുൻപ് 124 ഗ്രാം എംഡിഎംഎയുമായി ഒരു യുവാവ് പിടിയിലായതിന് പിന്നാലെ വിവിധ റിസോർട്ടുകളിൽ നടത്തിയ പരിശോധനകളിലും ലഹരിമരുന്ന് പിടികൂടിയിരുന്നു. അമ്പലവയലിലെയും പരിസര പ്രദേശങ്ങളിലെയും റിസോർട്ടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് മാഫിയയുടെ പ്രവർത്തനം വ്യാപിക്കുന്നുണ്ടോയെന്ന ആശങ്ക ശക്തമാക്കുന്നതാണ് തുടർച്ചയായുള്ള ഇത്തരം സംഭവങ്ങൾ. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.




Leave a Reply