വിനോദ-വൈജ്ഞാനിക സാംസ്കാരിക നഗരമൊരുക്കാൻ ബത്തേരി നഗരസഭ
ബത്തേരി : ബത്തേരി നഗരസഭയുടെ 2024-25 വർഷത്തെ ബഡ്ജറ്റ് പേപ്പർ ലെസ്സ് ആയി അവതരിപ്പിച്ചു. 707440870 രൂപ വരവും 645342224രൂപ ചെലവും 62098646 രൂപ മിച്ചം/ കമ്മിയുമുള്ള ബഡ്ജറ്റ് നഗരസഭ വൈസ് ചെയർ പേഴ്സൻ എൽസി പൗലോസ് അവതരിപ്പിച്ചു.
മാറുന്ന ലോകത്തിന്റെ പുതിയ സങ്കേതങ്ങളിലേക്ക് യുവതയെ നയിക്കുന്നതിനുള്ള നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ) പരിശീലനം മുതൽ സംരംഭകത്വ പരിശീലനങ്ങൾ വരെ വിഭാവനം ചെയ്തിട്ടുണ്ട്.
( ഫസ്റ്റ് ഹാൻഡ് )സമ്പൂർണ പ്രഥമ ശുശ്രൂഷ സാക്ഷരത നഗരം മുതൽ അർബൻ കുടുംബാരോഗ്യ കേന്ദ്രങ്ങളും പുതിയ വെൽനസ് സെന്ററുകളും ആരോഗ്യ മേഖലയിൽ നടപ്പാക്കും.
വിദ്യാഭ്യാസ മേഖലയിൽ സന്തോഷ സൂചിക ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ഹാപ്പിനസ് പാർക്കുകൾ ശാസ്ത്രം – ചരിത്രം എന്നിവയിലൂന്നി നിന്നുള്ള പരിശീലനത്തിനായ് ലാബറട്ടറി സൗകര്യങ്ങൾ, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ അതോടൊപ്പം കുട്ടികൾ സ്റ്റുഡൻസ് കൗൺസിലിൽ അവതരിപ്പിച്ച പദ്ധതികളും ഉൾപ്പെടുത്തിയിരിക്കുന്നു.
കാർഷിക മേഖലയിൽ ആധുനിക യന്ത്രവൽക്കരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. ക്ഷീരകർഷകരെ ചേർത്തുപിടിക്കുന്നതിനും സബ്സിഡി ഇനത്തിൽ കർഷകർക്ക് ആശ്വാസം നൽകുന്നതിനും വകയിരുത്തിയിട്ടുണ്ട്.
വനിതകൾ കുട്ടികൾ – വയോജനങ്ങൾ – വിഭിന്ന ശേഷിക്കാർ – ഭിന്ന ലിംഗക്കാർ എന്നിവരെ പരിഗണിച്ചുകൊണ്ടുള്ള വിവിധ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്.
വിഭിന്നശേഷി സൗഹൃദാന്തരീക്ഷം ഒരുക്കുന്നതോടൊപ്പം വയോജനസൗഹൃദ നഗരസഭയായും നഗരസഭയെ മാറ്റുന്നതിനുള്ള പദ്ധതികൾക്കും ഫണ്ട് വക കൊള്ളിച്ചിട്ടുണ്ട്.
പട്ടികജാതി പട്ടിക വർഗമേഖലയിലെ വികസനത്തിനായി സമഗ്ര ഊരു കേന്ദ്ര വികസന നയം മുന്നോട്ടുവക്കുന്നു.ചൂരിമല ഭവന പുനരുദ്ധാരണ പദ്ധതികൈവശ രേഖയില്ലാത്ത കുടുംബങ്ങൾ താമസിക്കുന്ന ചൂരിമല പ്രദേശവാസികളുടെ വീട് റിപ്പയറിങ് നടത്തുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ട് ആയത് പ്രകാരം ഘട്ടം ഘട്ടമായി ചൂരിമല പ്രദേശത്ത് അർഹരായവരുടെ വീട് റിപ്പയർ പൂർണ്ണമായും ചെയ്തുകൊടുക്കുന്നതാണ്.
സാംസ്കാരിക മേഖലയിൽ ഗ്രാമീണോത്സവങ്ങൾ വ്യത്യസ്ത സാംസ്ക്കാരിക ഇടനാഴികൾ പൈതൃക വിഭവ സ്ട്രീറ്റുകൾ ശുചിത്വ സുന്ദര നാൽക്കവലകൾ തുടങ്ങി ഹാപ്പി ഹാപ്പി ബത്തേരിയുടെ സന്തോഷ സൂചിക ഉയർത്തുന്നതിനും ഉത്തരവാദിത്ത വിനോദ സഞ്ചാരം ഉറപ്പാക്കുന്നതിനും തുടർന്ന് നഗരസഭ ഹാപ്പിനസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
നഗരസഭ ചെയർ പേഴ്സൻ ടി.കെ.രമേശ് അവർകളുടെ അധ്യക്ഷതയിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് ബഡ്ജറ്റ് അവതരിപ്പിച്ചു.





Leave a Reply