മുഖ്യ രാഷട്രീയ എതിരാളി ബി.ജെ.പിയോ ഇടതുപക്ഷമോ? കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: ആനി രാജ
കല്പറ്റ: മുഖ്യ രാഷ്ട്രീയ എതിരാളി ബി.ജെ.പിയോ ഇടതുപക്ഷമോ എന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.
ബി.ജെ.പിയാണ് മുഖ്യശത്രുവെങ്കില്‍ ആ പാര്‍ട്ടിക്ക് സ്വാധീനം തീരെയില്ലാത്ത വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി എന്തിനു മത്സരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയണം.
സംഘ്പരിവാര്‍ രാഷ്ട്രീയം തച്ചുടയ്ക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെങ്കില്‍ രാഹുല്‍ ഗാന്ധിയെ അതുപോലുള്ള നേതാവോ കേരളത്തില്‍ത്തന്നെ മത്സരിക്കാന്‍ പാടില്ല. ബി.ജെ.പിക്കെതിരെ അമേഠിയിലും മറ്റിടങ്ങളിലും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അവസരമുണ്ടായിരുന്നു.
തെലങ്കാനയില്‍ മത്സരിക്കാന്‍ അവിടത്തെ കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ ക്ഷണിച്ചതാണ്. വിജയകരമായ മത്സരത്തിന് ഉതകുന്ന മണ്ഡലങ്ങള്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും ഉണ്ടായിരുന്നു. എന്നാല്‍ വയനാടാണ് രാഹുലും കോണ്‍ഗ്രസും തെരഞ്ഞെടുത്തത്.
എങ്ങനെയും പാര്‍ലമെന്റില്‍ കയറിപ്പറ്റുകമാത്രമാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇത്രയൊക്കെ മതിയെന്ന മനോഭാവമാണ് അദ്ദേഹത്തിന്. ഒന്നും ചെയ്തു കൊടുത്തില്ലെങ്കിലും വയനാടന്‍ ജനത വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്.
അദ്ദേഹത്തിന്റെ അമിത ആത്മവിശ്വാസത്തിന് തിരിച്ചടിയായാകും തെരഞ്ഞെടുപ്പുഫലം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ട് വാങ്ങിയത്. ആ തന്ത്രം ഇക്കുറി വിലപ്പോകില്ലെന്നാണ് ജനങ്ങളുമായി സംസാരിക്കുമ്പോള്‍ മനസിലാകുന്നത്. ഏപ്പോഴും കൂടെ ഉണ്ടാകുന്ന ജനപ്രതിനിധിയെയാണ് ആവശ്യമെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വിജയിക്കുന്നതിനുതന്നെയാണ് ഇടതുപക്ഷം വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നത്.
യു.ഡി.എഫുമായി സൗഹൃദമത്സരല്ല എല്‍.ഡി.എഫ് നടത്തുന്നത്. രാഹുല്‍ ഗാന്ധിയെ പരാജയപെടുത്തി വയനാടന്‍ ജനതയോടൊപ്പം നില്‍ക്കാനാണ് തന്നെ പാര്‍ട്ടിയും മുന്നണിയും നിയോഗിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു വളരെ മുമ്പ് ഇടതുപക്ഷം സ്ഥാനാര്‍ഥിയെ തീരുമാനിച്ച് പ്രചാരണം ആരംഭിച്ചതാണ്. വയനാട്ടില്‍ ആനി രാജയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെന്ന് അറിഞ്ഞതിനുശേഷമാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. ഇതുവഴി ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ എ.ഐ.സി.സി വെള്ളം ചേര്‍ക്കുകയാണുണ്ടായതെന്നും ആനി രാജ പറഞ്ഞു.





Leave a Reply